Site iconSite icon Janayugom Online

നിലമ്പൂര്‍ ജില്ലാ ആശുപത്രിയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്), ലക്ഷ്യ എന്നിവയാണ് ജില്ലാ ആശുപത്രിയ്ക്ക ലഭിച്ചത്. കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്ക് ആദ്യമായാണ് എന്‍ക്യുഎഎസ് ലഭിക്കുന്നത്. അവാര്‍ഡ് തുകയായി ഒരു ബെഡിന് പതിനായിരം രൂപ വീതം മൂന്ന് വര്‍ഷം ലഭിക്കും. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്‌കോറോടെയാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. മാതൃ ശിശു പരിചരണത്തിന് ലക്ഷ്യ സ്റ്റേന്റേഡിലേക്ക് ഉയര്‍ത്തിയതിന് മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ 95.4 ശതമാനം സ്‌കോറും ലേബര്‍ റൂം 90.5 ശതമാനം സ്‌കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ അംഗീകാരങ്ങള്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 21 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 

മൂന്ന് നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ ഐസിയുകള്‍ സജ്ജമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വയോജന വാര്‍ഡുകള്‍ സജ്ജമാക്കി. സര്‍ക്കാരിന്റ നവ കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് ലാബ് നെറ്റ് വര്‍ക്കിംഗിലെ ഹബ് ലാബായി തിരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ ആദ്യത്തെ ലാബോട്ടറിയാണ് നിലമ്പൂര്‍ ജില്ലാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലാബ്.സര്‍ക്കാര്‍, ജില്ലാ പഞ്ചായത്ത്, നഗരസഭ ഫണ്ടുകള്‍ ഉപയോഗിച്ചും പൊതുജന പങ്കാളിത്തതോടെയുമാണ് ആശുപത്രിയിലെ വികസന പ്രവര്‍ത്തികള്‍ നടത്തുന്നത്. പുരസ്‌കാരം ലഭിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയും എച്എംസി അഭിനന്ദിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതായും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും ഒരു കോടിയും അറ്റകുറ്റപ്പണികള്‍ക്കായി 50 ലക്ഷവും അനുവദിക്കുന്നതായി ഇസ്മായീല്‍ മൂത്തേടം പറഞ്ഞു. എച്എംസി അംഗങ്ങളായ കെ ടി കുഞ്ഞാന്‍, ജസ്മല്‍ പുതിയറ, കെ സി വേലായുധന്‍, കൊമ്പന്‍ ഷംസു, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version