വനത്തിൽ നിന്നു കൂരമാനിനെ വേട്ടയാടിയ രണ്ടുപേർ അറസ്റ്റിൽ. വെണ്മണി കാമ്പട്ടി സ്വദേശികളായ പുളിമൂല ഹൗസിൽ എം ആർ മോഹൻദാസ് (44), കുറുമ്പാട്ട്കുന്നേൽ വീട്ടിൽ കെ എസ് സുജിത്ത് (29) എന്നിവരെയാണ് വരയാൽ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ആനന്ദൻ അറസ്റ്റു ചെയ്തത്. മോഹൻദാസ് 2014 ൽ തോല്പെട്ടിയിൽ കാട്ടുപോത്തിനെ വെടിവച്ച കേസിൽ ഉൾപ്പെട്ടയാളാണെന്നു വനപാലകർ പറഞ്ഞു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺകുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് മാനിനെ വേട്ടയാടിയ ഇവരെ നൈറ്റ് പട്രോളിങ്ങിനിടെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്. വെടിയൊച്ച കേട്ട ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് വേട്ടസംഘത്തെ കണ്ടെത്തിയത്.
വനപാലകരെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൾ സെബാസ്റ്റ്യൻ, സി അരുൺ, അരുൺ ചന്ദ്രൻ, ഫസലുൽ റഹ്മാൻ, വാച്ചർ സുനിൽകുമാർ എന്നിവർ ചേർന്ന് സാഹസികമായാണ് പിടികൂടിയത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം ‑വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കേസിന് പുറമേ ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വെച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാൽ പറഞ്ഞു. ഇരുവരേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.