ചാലക്കുടി കാരൂരില്‍ ബേക്കറിയുടെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. ബേക്കറി ജീവനക്കാരായ കുഴിക്കാട്ടുശ്ശേരി ചൂരിക്കാടൻ രാമകൃഷ്ണന്‍ മകൻ സുനിൽകുമാർ(45), കുഴിക്കാട്ടുശ്ശേരി വരദനാട്പാണറമ്പിൽ ശിവരാമൻ മകൻ ജിതേഷ് (45)എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ കാരൂരിലെ റോയല്‍ ബേക്കറിയുടെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് അടിയോളം അഴമുള്ള ടാങ്കില്‍ മൂന്ന് അടിയോളം ചെളി നിറഞ്ഞ നിലയിലായിരുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാനുള്ള വലുപ്പമേ ടാങ്കിന്റെ മുകള്‍ ഭാഗത്തിനുള്ളൂ. ആദ്യമിറങ്ങിയ സുനൽകുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാൻ ഇറങ്ങിയ ജിതേഷും അപകടത്തിൽപ്പെടുകയായിരുന്നു.
മാലിന്യം നിറഞ്ഞ ടാങ്കില്‍ ഓക്സിജന്റെ അളവ് തീരെ ഇല്ലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. ഏറെ ശ്രമകരമായി കയറില്‍ ബന്ധിച്ചാണ് അഗ്നിരക്ഷാ സേന ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സന്തോഷ്‌കുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ എസ് സുജിത്, സന്തോഷ്‌കുമാർ, ആർ എം നിമേഷ്, എസ് അതുൽ, നിഖിൽ കൃഷ്ണൻ, സുരാജ്‌കുമാർ, യു അനൂപ്, ഹോംഗാർഡുമാരായ കെ എസ് അശോകൻ, കെ പി മോഹനൻ എന്നിവർ രക്ഷപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടു.
സുനിൽകുമാറിന്റെ ഭാര്യ : ലിജി, മക്കൾ : സജൽ, സമൽ, മാതാവ്: കോമള. ജിതേഷ് അവിവാഹിതനാണ്. മാതാവ് : പരേതയായ ആംബുജം. സഹോദരൻ : ദിനേഷ്.