മീഞ്ചന്ത വട്ടക്കിണർ ഒ ബി റോഡിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്പ് ബി വി നിവാസിൽ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്. കേരള ബാങ്കിൽ പണയം വച്ചിരുന്ന സ്വർണവള കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയോധിക തിരിച്ചെടുത്തിരുന്നത്. അന്ന് വൈകീട്ട് തന്നെ വള മോഷണം പോവുകയായിരുന്നു. പിറ്റേ ദിവസമാണ് പന്നിയങ്കര പൊലീസിൽ പരാതി നൽകിയത്. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പൊലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.