Site iconSite icon Janayugom Online

ആലപ്പുഴ മെഡിക്കൽ കോളജില്‍ രണ്ട് പിജി സീറ്റുകൾക്ക് അനുമതി

medical collegemedical college

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിൽ പുതുതായി രണ്ട് പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകി. രണ്ട് എംഡി സൈക്യാട്രി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഈ സർക്കാർ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയിൽ മൂന്ന് സീറ്റുകളായി. മാനസികാരോഗ്യ രംഗം ശക്തിപ്പെടുത്താനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഇതേറെ സഹായിക്കും. സൈക്യാട്രി രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ചികിത്സയ്ക്കും ഗവേഷണത്തിനും ഇതിലൂടെ ഏറെ സഹായകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 80 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം 43 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തെ തുടർന്നാണ് ഇത്രയേറെ സീറ്റുകൾ വർധിപ്പിക്കാനായത്. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജുകളിൽ നടന്നു വരുന്നത്. രണ്ട് മെഡിക്കൽ കോളജുകളും 15 നഴ്സിംഗ് കോളജുകളും ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാക്കി. ദേശീയ തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളജും ദന്തൽ കോളജും തുടർച്ചയായ രണ്ടാം തവണയും ഇടം നേടി. സർക്കാർ മെഡിക്കൽ കോളജുകളുടെ റാങ്കിംഗിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തൽ കോളജിന് അഞ്ചാമതെത്താനുമായി. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക മെഡിക്കൽ കോളജും ദന്തൽ കോളജും കൂടിയാണിവ.

Exit mobile version