Site iconSite icon Janayugom Online

രണ്ട് റോഹിങ്ക്യന്‍ കപ്പല്‍ മുങ്ങി; 400 ലധികം മരണം

മ്യാന്‍മര്‍ തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ രണ്ട് കപ്പലുകള്‍ മുങ്ങി 427 പേര്‍ മരിച്ചെന്ന് യുഎന്‍. ഈ മാസം ഒമ്പത്, 10 തീയതികളിലാണ് അപകടം നടന്നത്. സംഭവം സ്ഥിരീകരിച്ചാല്‍ ഈ വര്‍ഷം കടലില്‍ റോഹിങ്ക്യകള്‍ ഇരയായ ഏറ്റവും വലിയ അപകടമായിരിക്കുമിതെന്ന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ സ്ഥിരീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും യുഎന്‍ അറിയിച്ചു.

യുഎന്‍ നല്‍കുന്ന പ്രാഥമിക വിവരങ്ങളനുസരിച്ച് ആദ്യം മുങ്ങിയ കപ്പലില്‍ 267 റോഹിങ്ക്യകളാണുണ്ടായിരുന്നത്. ഇതില്‍ 66 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ കപ്പലില്‍ 247 പേര്‍ ഉണ്ടായിരുന്നതില്‍ കേവലം 21 പേരെ മാത്രമാണ് രക്ഷിക്കാനായത്. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്നോ മ്യാന്‍മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ രഖൈനില്‍ നിന്നോ പലായനം ചെയ്തവരാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ രണ്ട് അപകടവുമെന്ന് യുഎന്‍എച്ച്സി ഹൈക്കമ്മിഷണര്‍ ഫിലിപ്പൊ ഗ്രാന്ധി എക്സില്‍ കുറിച്ചു. 2017 ല്‍ മ്യാന്‍മര്‍ പട്ടാളത്തിന്റെ അതിക്രമങ്ങള്‍ സഹിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ തിരിച്ചയക്കയ്ല്‍ ഭീഷണിയിലാണ്. രഖൈനില്‍ കഴിഞ്ഞവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുകയാണ്. 

Exit mobile version