Site icon Janayugom Online

കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗറി ജില്ലയിലെ നൗഷേര‑സുന്ദര്‍ബനി മേഖലയില്‍ ലാം സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക സംഘത്തിന്റെ പതിവ് പട്രോളിങിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലഫ്റ്റനന്റ് ഋഷികുമാര്‍, ജവാനായ മന്‍ജിത് സിങ് എന്നിവരെ ഉടന്‍ അടുത്തുള്ള സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനായി ഇന്ത്യന്‍ സൈന്യം തന്നെ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

സ്ഫോടനത്തെക്കുറിച്ച് സൈന്യം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിഹാറിലെ ബെഗുസരായി സ്വദേശിയാണ് ഋഷികുമാര്‍. പഞ്ചാബിലെ ഭട്ടിന്‍ഡയാണ് മന്‍ജിത് സിങിന്റെ സ്വദേശം. നൗഷേര സെക്ടറിലെ പിര്‍പാഞ്ചാല്‍ മേഖലയില്‍ നുഴഞ്ഞുകയറി വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താന്‍ മൂന്ന് ആഴ്ചകളായി സൈന്യം ശ്രമം നടത്തിവരികയാണ്. 18 വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് സൈനികര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. എട്ടുമാസമായി തുടരുന്ന വെടിനിര്‍ത്തലില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന് ശമനമുണ്ടായെങ്കിലും മേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായാണ് കണക്ക്. 

ENGLISH SUMMARY:Two sol­diers mar­tyred in Kashmir
You may also like this video

Exit mobile version