വിനോദ സഞ്ചാര കേന്ദ്രമായ തുവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിൽ വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം എംഇഎസ് കാേളജ് രണ്ടാം വർഷ വിദ്യാർത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സെബിന്റെ ജന്മദിനമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണുവാനായി എത്തിയത്. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വൈകീട്ട് ആറ് മണിയോടെ ഉപേക്ഷിക്കപ്പെട്ട ബൈക്ക് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ചെരിപ്പുകൾ കണ്ടെത്തി, ഇതാണ് വിദ്യാർത്ഥികൾ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. നെടുങ്കണ്ടം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ശനിയാഴ്ച അർധരാത്രി സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇരുവരും കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രവിന്ദ്രൻ , ഷൈനി ഒമ്പതികളുടെ മകളാണ് അനില. സജി- വിജി ദമ്പതികളുടെ മകനാണ് സെബിൻ. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ട് നൽകി.
English Summary: Two students found dead in Nedunkandam water falls
You may also like this video