ഏറ്റുമാനൂര്‍ സ്വകാര്യ എന്‍ജീനിയറിങ്ങ് കോളജില്‍ നിന്നു പഠനയാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ കര്‍ണാടകയിലെ മണിപ്പാലില്‍ മുങ്ങി മരിച്ചു. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം നെല്ലിക്കല്‍ ചേപ്പാട്ടുപറമ്പില്‍ അനിലിന്റെ മകന്‍ അമല്‍ സി.അനില്‍ (21), ഉദയംപേരൂര്‍ ചിറമേല്‍ ആന്റണിയുടെ മകന്‍ ഷിനോയി (21), പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ എ.സി. റെജിയുടെ മകന്‍ അലന്‍ റെജി (21)എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു1.30നു കര്‍ണാടകത്തിലെ ഉടുപ്പിയ്ക്കു സമീപം മാല്‍പ്പെ സെന്റ് മേരീസ് ബീച്ചിലായിരുന്നു അപകടം. ബീച്ചിലെ കല്‍ക്കെട്ടിലൂടെ നടക്കുന്നതിനിടെ കല്‍ക്കെട്ട് ഇടിഞ്ഞു വീണ് മൂവരും വെളളത്തിലേയ്ക്ക് വീഴുകയായിരുന്നു.ഇതിനിടെ ശക്തമായ എത്തിയ തിരയില്‍ മൂവരും പെട്ടതോടെയാണ് അത്യാഹിതം സംഭവിച്ചത്.അമലിനെയും അലനെയും ഉടന്‍ തന്നെ വെളളത്തില്‍ നിന്നും കയറ്റാന്‍ കഴിഞ്ഞുവെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഇരുവരും മരണമടഞ്ഞു. വൈകുന്നേരം അഞ്ചുമണിയോടെ അഗ്നിശമനസേനയെത്തിയാണ് ഷിനോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.
രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ബുധനാഴ്ച വൈകിട്ടാണ് കോളജില്‍ നിന്നും യാത്ര തിരിച്ചത്. ഒരു വാഹനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ട മൂവരും. സംഭവമറിഞ്ഞ് മന്ത്രി വി.എന്‍.വാസവന്റെ നിര്‍ദേശപ്രകാരം ഡി.ജി.പി. അനില്‍കാന്ത് കര്‍ണാടക ഡി.ജി.പി.യുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാവശ്യമായ മേല്‍നടപടികള്‍ സ്വീകരിച്ചു.
അമലിന്റെ മാതാവ് ബിന്ദു, സഹോദരി ആതിര.
English Summary:Two students in a group that went on a holiday drowned
You may also like this video