കര്‍ണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. കർണാടക ഗംഗാവതി സിറ്റി സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹംപിക്കു സമീപമുള്ള പ്രശസ്തമായ സനാപൂര്‍ തടാകക്കരയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തടാകത്തിന് സമീപം വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം ആക്രമണത്തിനിരയായത്. 27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശസഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററെയും അക്രമി സംഘം ബലാത്സംഗം ചെയ്തു. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവര്‍ വിനോദ സഞ്ചാരികളുടെ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയെയും ഹോംസ്റ്റേ ഉടമസ്ഥയെയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഡാനിയലും പങ്കജും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബിബാഷിന്റെ മൃതദേഹം രാവിലെ കനാലില്‍ നിന്നും കണ്ടെടുത്തു.
അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് പ്രതികള്‍ ബൈക്കില്‍ എത്തിയതെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ച അവർ പിന്നീട് പണം ചോദിക്കാൻ തുടങ്ങി. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ സഞ്ചാരികളെ ആക്രമിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
സ്ത്രീകളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കൊലപാതകം, ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് കൊപ്പൽ എസ്‌പി രാം എൽ അരസിദ്ദി പറഞ്ഞു.