Site iconSite icon Janayugom Online

ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം; എട്ട് മാസം മുമ്പ് ന്യൂമോണിയ ബാധിച്ചു കുഞ്ഞിന്റെ അമ്മ മരിച്ചിരുന്നു

അമ്പലപ്പുഴയില്‍ രണ്ടുവയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാർഡ് കോമന പുതുവൽ വിനയന്റെയും ഹരിപ്പാട് നെടുന്തറ സ്വദേശിനി പരേതയായ അയനയുടെയും മകൻ വിഘ്‌നേശ്വർ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. കുഞ്ഞിന്റെ അമ്മ എട്ട് മാസം മുമ്പ് ന്യൂമോണിയ ബാധിച്ചു മരിച്ചിരുന്നു.

അയനയുടെ മരണശേഷം വിനയനും മക്കളായ വിഘ്‌നേശ്വർ, അനാമിക (മൂന്നര വയസ്സ്) എന്നിവരും വിനയന്റെ വീട്ടിലാണു കഴിഞ്ഞിരുന്നത്. മത്സ്യത്തൊഴിലാളിയായ വിനയൻ ജോലിക്ക് പോയ സമയത്താണ് ദുരന്തം. ഈ സമയത്ത് അമ്മൂമ്മ ശകുന്തളയും വിനയന്റെ സഹോദരി ദിവ്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

കുളിമുറിയിലെ ബക്കറ്റിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കളിക്കുന്നതിനിടെ വീണുമരിച്ചതാണെന്നാണ് കരുതുന്നത്.

വീടുടകാർ ടി വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ വിഘ്‌നേശ്വറിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്നനിലയിൽ കണ്ടത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

Eng­lish Sum­ma­ry: two year old died after fell into a bucket
You may also like this video

Exit mobile version