Site iconSite icon Janayugom Online

സംഘര്‍ഷത്തില്‍ അയവില്ലാതെ രണ്ടുവര്‍ഷം: ലഡാക്കില്‍ ഇന്ത്യയും ചൈനയും മുഖാമുഖം

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. 16 തവണ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തില്‍ അയവുവരുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും കഴി‍ഞ്ഞിട്ടില്ല.
2020 ജൂൺ 15ന് രാത്രിയില്‍ ഗല്‍വാന്‍ മേഖലയിലുണ്ടായ സൈനിക ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആഴത്തിലുള്ള വിള്ളല്‍ വീണത്. ജൂൺ 6ന് ഇരു രാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥർ പരസ്പരം പിന്മാറാൻ നടത്തിയ ചർച്ചകൾ പുരോഗമിച്ച് ഒരാഴ്ച പൂർത്തിയാകും മുമ്പായിരുന്നു ചൈനയുടെ പ്രകോപനം. 20 സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
ലഡാക്കിലെ മുഴുവൻ അതിർത്തികളും ഗൽവാൻ പോരാട്ടത്തോടെ സുശക്തവും സർവസജ്ജവുമാക്കിക്കൊണ്ടാണ് ഇന്ത്യ ഗൽവാന് ശേഷം പ്രതിരോധം ശക്തമാക്കിയത്. ഓഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യ‑ചൈന സൈന്യങ്ങള്‍ മുഖാമുഖം നിരന്നു.
2021 ഫെബ്രുവരി 10നാണ് അതിർത്തിയിൽ നിന്ന് ഔദ്യോഗികമായ പിന്മാറ്റം ഇരുരാജ്യങ്ങളും ആരംഭിച്ചത്. ഓരോ സീസണിലും മാസങ്ങളെടുത്ത് സൈനികരെ അതിർത്തിയിൽ കൊണ്ടുചെന്ന് നടത്തിക്കൊണ്ടിരുന്ന പതിവുരീതിയാണ് ഇതോടെ മാറിയത്. സ്ഥിരം സൈനിക പോസ്റ്റുകളും അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളും അതിർത്തിയിൽ വ്യോമത്താവളങ്ങളും റെക്കോഡ് വേഗത്തിലാണ് ഇന്ത്യ സജ്ജമാക്കിയത്. റഫാല്‍ വിമാനങ്ങളും റഷ്യയുടെ എസ്-400 മിസൈൽ വേധ സംവിധാനവും അതിർത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
ചൈന ഇന്ത്യയുമായുള്ള അതിര്‍ത്തി കരാറുകള്‍ ലംഘിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറ‌ഞ്ഞു. ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പരസ്പരബഹുമാനം ആവശ്യമാണെന്നും സൗത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയ്ശങ്കര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Two years of no let-up in the con­flict: India and Chi­na face to face Ladakh

You may like this video also

Exit mobile version