Site iconSite icon Janayugom Online

വ്യാപാര പങ്കാളിത്തത്തില്‍ ചൈനയെ മറികടന്ന് യുഎസ്

ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021–22 വര്‍ഷത്തില്‍ ഇന്ത്യയുടെയും യുഎസിന്റെയും ഉഭയകക്ഷി വ്യാപാരം 119.42 ബില്യണ്‍ ഡോളറാണ്. 2021–21 വര്‍ഷത്തിലിത് 80.51 ബില്യണ്‍ ഡോളറായിരുന്നു.

യുഎസിലേക്കുള്ള കയറ്റുമതി 2020–21 വര്‍ഷത്തിലെ 51.62 ബില്യണ്‍ ഡോളറില്‍ നിന്ന് 76.11 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2021–22 വര്‍ഷത്തില്‍ ഇറക്കുമതി മൂല്യം 43.31 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷമിത് 29 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
അതേസമയം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 2020–21 വര്‍ഷത്തില്‍ 86.4 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ 115.42 ബില്യണ്‍ ഡോളര്‍ ആയി.

ചൈനയിലേക്കുള്ള കയറ്റുമതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 21.18 ബില്യണ്‍ ഡോളറില്‍ നിന്ന് 21.25 ബില്യണ്‍ ഡോളര്‍ ആയാണ് ഉയര്‍ന്നത്. ഇറക്കുമതി 65.21 ബില്യണ്‍ ഡോളറില്‍ നിന്ന് 94.16 ആയി വര്‍ധിച്ചു. വ്യാപാര കമ്മി മുന്‍ വര്‍ഷത്തിലെ 44 ബില്യണ്‍ ഡോളറില്‍ നിന്ന് 72.91ല്‍ ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര പങ്കാളിത്തം വരുംവര്‍ഷങ്ങളിലും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2013–14 മുതല്‍ 2017–18 വര്‍ഷം വരെ ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമായിരുന്നു ചൈന. അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ യുഎഇ ആയിരുന്നു മുന്നില്‍.

2021–22 വര്‍ഷത്തില്‍ 72.9 ബില്യണ്‍ ഡോളറുമായി ഇന്ത്യയുമായുളള വ്യാപാര പങ്കാളിത്തത്തില്‍ മൂന്നാമതാണ് യുഎഇ. സൗദി അറേബ്യ (42.85 ബില്യണ്‍ ഡോളര്‍), ഇറാഖ് (34.33 ബില്യണ്‍ ഡോളര്‍), സിംഗപ്പൂര്‍ (30 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

Eng­lish Summary:U.S. sur­pass­es Chi­na in trade partnership

You may also like this video

Exit mobile version