Site iconSite icon Janayugom Online

ഇന്ത്യക്കാർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് യുഎഇ

വലിയ ബിസിനസ് നിക്ഷേപങ്ങളോ വസ്‌തുക്കളോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്കും ഗോൾഡൻ വിസ നേടാന്‍ കഴിയുന്ന പദ്ധതിയുമായി യുഎഇ. കൂടുതലും നോമിനേഷന്റെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ ഗോൾഡൻ വിസ. നേരത്തെ ഇന്ത്യക്കാർക്ക് ഗോൾ‌ഡൻ വിസ ലഭിക്കണമെങ്കിൽ യുഎഇയിലെ ബിസിനസിലോ വസ്‌തുവകകളിലോ കുറഞ്ഞത് രണ്ട് മില്യൺ ദിർഹം (4.66 കോടി രൂപ) നിക്ഷേപം ആവശ്യമായിരുന്നു. നോമിനേഷൻ അടിസ്ഥാനത്തിലെ പുതിയ വിസ നയപ്രകാരം 1,00,000 ദിർഹം (23.30 ലക്ഷം രൂപ) തുകയടച്ച് ഗോൾഡൻ വിസ നേടാം. ആദ്യഘട്ടത്തില്‍ 5000ൽ അധികം ഇന്ത്യക്കാർ പുതിയ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് പുറമെ ബംഗ്ളാദേശികൾക്കും പുതിയ ഗോൾഡൻ വിസ നേടാനുള്ള അവസരം യുഎഇ നൽകുന്നു. ഇന്ത്യക്കാർക്കായുള്ള വിസയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ നടത്താൻ കൺസൾട്ടൻസി സ്ഥാപനമായ റയാദ് ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോ‌ർട്ട്.

പുതിയ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലമടക്കം പരിശോധിച്ചതിനുശേഷമായിരിക്കും അപേക്ഷ സ്വീകരിക്കുന്നത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കും. സംസ്‌കാരം, ധനകാര്യം, വ്യാപാരം, സയൻസ്, സ്റ്റാർട്ടപ്പ്, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ യുഎഇ വിപണികൾക്കും ബിസിനസുകൾക്കും അപേക്ഷകരിൽ നിന്ന് ഏതെങ്കിലും തരത്തിലെ ഗുണമുണ്ടാകുമോ എന്നതും വിലയിരുത്തും. ഇതിനുശേഷമായിരിക്കും അപേക്ഷ യുഎഇ സർക്കാരിന് കൈമാറുന്നത്. 

Exit mobile version