Site iconSite icon Janayugom Online

ഗാസയില്‍ വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്ന പരിപാടിക്ക് തുടക്കമിട്ട് യുഎഇ

ഗാസയില്‍ വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്ന പരിപാടിക്ക് തുടക്കമിട്ട് യുഎഇ. ഓപ്പറേഷന്‍ ചിവാല്‍റൗസ് നൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. സ്ക്കൂള്‍ ബാഗുകളും, മറ്റ് ഉപകരണങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതടക്കമുള്ളവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.മേഖല കടുത്ത സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാനുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. 

സ്‌കൂള്‍ ബാഗുകള്‍, നോട്ടുബുക്കുകള്‍, പേന, മറ്റ് വസ്‌തുക്കള്‍ എന്നിവയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്.ഇവയെല്ലാം ഗാസയിലേക്ക് ഘട്ടം ഘട്ടമായി എത്തിച്ചു കൊണ്ടിരിക്കുകയാണ്.എമിറേറ്റ്‌സ് റെഡ് ക്രെസന്‍റ്, സയീദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറ്റിയന്‍ ഫൗണ്ടേഷന്‍, ഖലിഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, ഷാര്‍ജ ചാരിറ്റി ഇന്‍റര്‍നാഷണല്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് യുഎഇ ഈ പദ്ധതി നടപ്പാക്കുന്നത്.

പലസ്‌തീന്‍ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്‍റെയെല്ലാം ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. മികച്ചൊരു ഭാവിയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ജനതയുടെ പ്രതിനിധിയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. അതുകൊണ്ടു തന്നെയാണ് അവരില്‍ നിന്നുതന്നെ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

Exit mobile version