കേരളത്തിൽ ബൃഹത്തായ ഫുഡ് പാർക്ക് തുടങ്ങുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
യുഎഇ സർക്കാർ ഇന്ത്യയിൽ മൂന്ന് ഫുഡ് പാർക്കുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഡോ. താനി അഹമ്മദ് അക്കാര്യം സമ്മതിക്കുകയും വിശാദാംശങ്ങൾ ടെക്നിക്കൽ ടീമുമായി ചർച്ചചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.
ലൈഫ് പദ്ധതിയിൽ ദുബൈ റെഡ് ക്രസന്റുമായി ചേർന്നുള്ള ഭവന സമുച്ചയ നിർമ്മാണത്തിന്റെ കാര്യവും ചർച്ച ചെയ്തു. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കി.
ദുബൈ എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ യുഎഇ ഗവൺമെന്റിന് വേണ്ടി ഡോ. താനിഅഹമ്മദ് ക്ഷണിച്ചു. 2022 ഫെബ്രുവരിയിൽ എക്സ്പോയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ ബന്നയും ലുലുഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
English Summary: UAE to open food park in Kerala: UAE Minister of Foreign Trade
You may like this video also