Site icon Janayugom Online

ആക്ടിവിസ്റ്റുകള്‍ക്കെതിരായ യുഎപിഎ ഒഴിവാക്കും: തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് സര്‍വകലാശാല മുൻ പ്രൊഫസര്‍ ഹരഗോപാല്‍, ആക്ടിവിസ്റ്റ് സുധാ ഭരദ്വാജ് എന്നിവരുള്‍പ്പെടെ 150 പേര്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി തെലങ്കാന സര്‍ക്കാര്‍. കേസ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഡിജിപി അഞ്ചനി കുമാറിനോട് കേസ് വിശദാംശങ്ങള്‍ ചോദിച്ച ശേഷം യുഎപിഎ ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രൊഫ. ഹരഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഒഴിവാക്കാനാണ് സാധ്യതയെന്നും എന്നാല്‍ യുഎപിഎ നിയമം ഒഴിവാക്കല്‍ എളുപ്പമല്ലെന്നും നടപടിക്രമങ്ങള്‍ ഏറെയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

പ്രൊഫ. ഹരഗോപാലിനും മറ്റുള്ളവര്‍ക്കുമെതിരെ മുലുഗു ജില്ലയിലെ തദ്വാ പൊലീസാണ് യുഎപിഎ ചുമത്തി കേസെടുത്തത്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ തോക്കിൻ മുനയില്‍ നിര്‍ത്തി അധികാരം പിടിച്ചെടുക്കാൻ പ്രതികള്‍ ശ്രമിക്കുന്നതായി എഫ്ഐആറില്‍ പറയുന്നു. 2022 ഓഗസ്റ്റ് 19നാണ് കേസ് ഫയല്‍ ചെയ്തതെങ്കിലും വെള്ളിയാഴ്ച വരെ കേസിനെ പറ്റി അറിഞ്ഞിരുന്നില്ലെന്ന് കുറ്റാരോപിതര്‍ പറഞ്ഞു. പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റ് അധ്യക്ഷൻ ചന്ദ്രമൗലിക്കെതിരായി എഫ്ഐആറില്‍ രംഗ റെഡ്ഡി ജില്ലാ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇവരുടെ പേര് കൂടി ഉള്‍പ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചു. 

പ്രൊഫ. ഹരഗോപാലിനും സുധാ ഭരദ്വാജിനും പുറമേ ഒസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫ. പദ്മജ ഷാ, തെലങ്കാന സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ഗദ്ദം ലക്ഷ്മണ്‍, ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിള്‍സ് ലോയേഴ്സ് റിട്ടയേര്‍ഡ് ജഡ്ജ് എച്ച് സുരേഷ്, മനുഷ്യാവകാശ അഭിഭാഷകൻ സുരേന്ദ്ര ഗാ‌‌‌‌‌ഡ്‌ലിങ്, ആക്ടിവിസ്റ്റ് അരുണ്‍ ഫെരേര എന്നീ പ്രമുഖരുടെ പേരും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: UAPA against activists to be scrapped: Telan­gana govt
You may also like this video

Exit mobile version