Site iconSite icon Janayugom Online

യുഎപിഎ: ഏറ്റവും കൂടുതൽ അറസ്റ്റ് യുപിയിൽ, പകുതിയിലേറെയും 30 വയസിന് താഴെയുള്ളവർ

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) നിയമപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തർപ്രദേശിൽ 1,338 അറസ്റ്റുകൾ നടന്നതായി കേന്ദ്രമന്ത്രാലയം ലോകസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അറസ്റ്റിലായവരിൽ 931 പേർ (69.5 ശതമാനം) 30 വയസിന് താഴെയുള്ളവരാണെന്നും ലോകസഭയിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആഭ്യന്തര മന്ത്രി പാർലമെന്റിൽ അറിയിച്ചു.

രാജ്യത്താകെ ഈ നിയമപ്രകാരം അറസ്റ്റിലായവരിൽ 50 ശതമാനത്തിലധികം പേരും 30 വയസിന് താഴെയുള്ളവരാണ്. മൂന്ന് വർഷത്തിനിടെ രാജ്യത്തുടനീളം 4,690 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 2,501 പേർ 30 വയസിന് താഴെയുള്ളവരാണ്.ഉത്തർപ്രദേശിന് പിന്നാലെ 943 അറസ്റ്റുകൾ നടന്ന മണിപ്പൂരാണ് രണ്ടാമത്. ഇവിടെ അറസ്റ്റിലായവരിൽ 499 പേർ 30 വയസിന് താഴെയുള്ളവരാണ്. മൂന്നാം സ്ഥാനത്തുള്ള ജമ്മു കശ്മീരിൽ 750 അറസ്റ്റുകളുണ്ടായി. അവിടെയും 366 തടവുകാർ 30 വയസിന് താഴെയുള്ളവരാണ്. കേരളത്തിൽ യുഎപിഎ ചുമത്തിയതിൽ അഞ്ചുപേരാണ് 30 വയസിന് താഴെയുള്ളവരെന്നും കേന്ദ്രമന്ത്രാലയം അറിയിച്ചു. 

നിയമത്തിലെ കർശനമായ വ്യവസ്ഥകൾ കാരണം ജാമ്യം ലഭിക്കാതെ വിചാരണ കാത്ത് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്നുണ്ട്. വിചാരണ കാലയളവ്, സാക്ഷിമൊഴി തുടങ്ങി വിവിധ കാരണങ്ങൾ കണക്കിലെടുത്താണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്.കോടതി ശിക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്ന പേരിൽ നിയമത്തിൽ ഭേദഗതി ചെയ്യാൻ ആലോചിക്കുന്നില്ലെന്നും രാജ്യത്ത് എത്രപേർ യുഎപിഎ ചുമത്തപ്പെട്ട് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ടെന്നതിന് കണക്കില്ലെന്നും മന്ത്രി പറഞ്ഞു.
Eng­lish summary;UAPA Arrests are more in UP
you may also like this video;

Exit mobile version