Site iconSite icon Janayugom Online

യുഎപിഎ കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തല്‍ ഉപകരണം; അറസ്റ്റ് 10,440, ശിക്ഷ 335 പേര്‍ക്ക് മാത്രം

കിരാതമായ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം 2019–2023 കാലയളവില്‍ അറസ്റ്റിലായത് 10,440 പേര്‍. കേസില്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ കേവലം 335 പേരും. ആഭ്യന്തര മന്ത്രാലയം ലോക്സഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎപിഎ നിയമ പ്രകാരം കുറ്റം ചുമത്തപ്പെട്ട് നിലവിൽ ജയിലുകളിൽ കഴിയുന്നവരുടെ വിവരങ്ങള്‍ സംസ്ഥാനാടിസ്ഥാനത്തിൽ ലഭ്യമല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനാന്ദ റായ് പറഞ്ഞു. 2019–23 കാലഘട്ടത്തില്‍ യുഎപിഎ പ്രകാരം ഏറ്റവും കുടുതല്‍ അറസ്റ്റുകള്‍ നടന്നത് ജമ്മുകശ്മീരിലാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലും. ജമ്മുകശ്മീരില്‍ 3,662 അറസ്റ്റുകളുണ്ടായി. യുപിയില്‍ 2,805 അറസ്റ്റും 222 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

2019–23 ല്‍ കേവലം 23 പേര്‍ക്ക് മാത്രമാണ് യുഎപിഎ പ്രകാരം ശിക്ഷ ലഭിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ യുഎപിഎ പ്രകാരം ഫയല്‍ ചെയ്ത രണ്ട് കേസുകള്‍ കോടതികള്‍ റദ്ദാക്കിയെന്ന് ജൂലൈയില്‍ ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 1967 കൊണ്ടുവന്ന യുഎപിഎ നിയമം 2008 ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്താണ് ഭേദഗതി വരുത്തിയത്. നിലവിലുണ്ടായിരുന്ന ടെററിസ്റ്റ് ആന്റ് ഡിസ്റപ്ടീവ് ആക്ടീവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (ടാഡ) നിയമം പിന്‍വലിച്ചാണ് കിരാത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി യുഎപിഎ നിയമം ഭേദഗതി ചെയ്തത്. പ്രതിപക്ഷത്തെയും മനുഷ്യാവാകശ-സന്നദ്ധ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്താന്‍ ഒരു ഉപകരണമായി യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നതായി വര്‍ഷങ്ങളായി ആക്ഷേപമുണ്ട്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരവധി മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് .വ്യക്തികളെ നിയമപരമായ നടപടിക്രമങ്ങളില്ലാതെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ അനുവദിച്ച 2019 ലെ ഭേദഗതി അതിന്റെ ദുരുപയോഗ സാധ്യതയെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തിയിരുന്നു. 

2019–2023 കാലയളവിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ ചില പ്രമുഖ വ്യക്തികളിൽ പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ , മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ്, കശ്മീരി വിഘടനവാദി യാസിൻ മാലിക് , കശ്മീരി പത്രപ്രവർത്തകൻ ഇർഫാൻ മെഹ്‌രാജ് , ആദിവാസി അവകാശ പ്രവർത്തകൻ ഫാദര്‍ സ്റ്റാൻ സ്വാമി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എല്‍ഗാര്‍ പരിഷത്ത് മാവോയിസ്റ്റ് കേസിലാണ് യുഎപിഎ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തത്. വിചാരണ കാത്ത് കഴിയവേ അദ്ദേഹം മുംബൈയിലെ തലോജ ജയിലില്‍ വച്ച് മരിച്ചത് രാജ്യമെമ്പാടും വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. 

Exit mobile version