Site iconSite icon Janayugom Online

ഉച്ചിര: സ്വാനുഭവങ്ങളുടെ പരാവർത്തനം

കാലാകാലമായി തുടരുന്ന ലിംഗഅസമത്വത്തിന്റെ അഥവാ ആൺ‑പെൺ ദ്വന്ദത്തിന്റെ തിണർപ്പുകളും മുറിവുകളും അഭിസംബോധന ചെയ്യാൻ പൊതു സമൂഹം ഇന്ന് എങ്ങനെ തയ്യാറാകുന്നു? അല്ലെങ്കിൽ അത്തരമൊരു തയ്യാറെടുപ്പു നടത്തുന്നുണ്ടോ? ഉണ്ടെന്നുള്ളതിന്റെ, ഒരു പക്ഷെ, പുരുഷന്മാരെ ഒരു പരിധി വരെ മാറ്റി നിർത്തിയെങ്കിലും പ്രകടമാകുന്ന പൊതു ചിത്രത്തിന്റെ നിദർശനമായി വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുത്ത മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന കൃതിയെ നമുക്ക് കാണാനാകും. ജന്റർ പൊളിറ്റിക്സിന്റെ — ലിംഗ രാഷ്ട്രീയത്തിന്റെ ഒരു പ്രത്യയശാസ്ത്ര പത്രികയാണിത്. മറ്റൊരു വിധത്തിൽ, ജന്റർ പൊളിറ്റിക്സിന്റെ പോയറ്റിക്കൽ മാനിഫെസ്റ്റോ.

കണ്ണൂർ എസ് എൻ കോളജ് അങ്കണത്തിൽ ഈ വർഷം അരങ്ങേറിയ വിദ്യാർത്ഥികളുടെ ഒരു തെരുവുനാടകച്ചിന്തിൽ ഉച്ചിര ഉറക്കെ ശബ്ദം കേൾപ്പിച്ചിട്ടുണ്ട്. ഉച്ചിരയെന്നും ചിലപ്പോഴൊക്കെ ഉച്ചിലയെന്നും പേരിട്ടു വിളിച്ചിരുന്ന ഒരു ബ്രാഹ്മണ കന്യകയായിരുന്നുവത്രേ മുച്ചിലോട്ടു ഭഗവതിയുടെ പൂർവകാല മനുഷ്യ ജീവിതം. കഥയെക്കാൾ കാല്പനികമായ ഒരൈ തിഹ്യമാണിത്. പുറച്ചേരിയുടെ കവിതയുമായി പ്രത്യക്ഷത്തിൽ സമപ്പെടുത്തുക സാധ്യമല്ലെങ്കിലും ആ പുരാവൃത്തത്തിന്റെ ഓർമ്മകളിൽ തെളിയുന്ന ചില വെളിച്ചങ്ങളും കാണാനാകും.

“കുഞ്ഞുങ്ങളെക്കണ്ടാലൊന്നു ചിരിച്ചീടും ഉച്ചിര ഉച്ചിട്ടയെന്നു ഞങ്ങൾ…

ഒറ്റയ്ക്കു നില്‍ക്കുന്ന പെണ്ണിന്റെ വേവുകൾ

കുട്ടികൾ ഞങ്ങൾക്ക് തിട്ടമില്ല

ദൂരെയെത്തീടുമ്പോൾ കൂവിവിളിച്ചീടും ഉച്ചിട്ട… ഉച്ചിട്ടയെന്നിങ്ങനെ

പെണ്ണിനെ കൂകി വിളിക്കുന്ന കാഴ്ചയിൽ

ആണുങ്ങളെല്ലാം മറന്നു നില്ക്കും…

“ഉച്ചിട്ട നമുക്ക് സുപരിചിതമായ ഒരു സ്ത്രീ തെയ്യമാണല്ലോ.തീയിലിരിക്കുകയും തീക്കനൽ വാരിക്കളിക്കുകയും ചെയ്യുന്ന ഭഗവതിക്കോലം ഉച്ചത്തിൽ അട്ടഹസിക്കുന്നത് കൊണ്ടുമാണത്രേ ഉച്ചിട്ട, ഉച്ചിട്ടയാകുന്നത്.  ചിരിച്ചും ചിരിപ്പിച്ചും ഭക്തരായ ആൺ പ്രജകളെ പരിഹസിച്ചും കപടശൃംഗാരം ചമഞ്ഞും കാവുകളിൽ തിമിർക്കുന്ന ഉച്ചിട്ടയുടെ മുന്നിൽ പുരുഷന്റെ പുറംപൂച്ചുകളാണ് വെന്ത് വെണ്ണീറാകുന്നത്. തുടുത്തു തിങ്ങിയ മാർച്ചമയത്തിലെ ആ പോർമുലകളിൽ നിറയുന്ന വാത്സല്യ നിറവോടെ ഗർഭിണികളെ ചേർത്തു നിർത്തി സുഖപ്രസവത്തിനുള്ള സൂതികർമ്മാനുഗ്രഹം ചൊരിയുന്ന സൂ തി കർമ്മിണിയാണ്, വയറ്റാട്ടിയാണ് — ഉച്ചിട്ട. നമ്മുടെ പുതിയ കാലത്തെ മിഡ് വൈഫിന് സമാനമായ ഒരു തെയ്യം.

“ഒറ്റാം തടിയായുച്ചിര

തന്നെ തന്നെ കെട്ടിയവൾ

തെറി വാക്കിൽ നടന്നവൾ… ”

എന്ന് പുറച്ചേരി എഴുതുമ്പോൾ ഉച്ചിട്ടയുടെ കരുത്തും കുരുത്തക്കേടുമുള്ള ഒരുവൾ നമുക്ക് മുന്നിൽ ഒട്ടും കൂസാതെ ചുട്ടു നീറുന്ന കനലിൽ കാലിൽ കാൽ കയറ്റി ഇരിക്കുന്നുണ്ട്. ഉച്ചിട്ടയെന്ന ഭഗവതിക്കോലമല്ല എന്നാൽ ഈ കവിതയുടെ കാവ്യ ഹേതു എന്നതും മറക്കുന്നില്ല. ഉച്ചിട്ടയുൾപ്പെടെ അനേകം ഉച്ചിരമാരുടെ ചരിത്രം പുരണ്ട മണ്ണിൽ നിന്ന് ഒരു തരി നുള്ളി ഉള്ളംകൈയിൽ വച്ചുതരികയാണ് കവി.

“ചരിത്രം തൊട്ടു പോകുന്നു

ഒരൊറ്റത്തരി മണ്ണിനെ

ഭൂമിയാകുന്നു സർവ്വവും”

എന്നും കുറിക്കുന്നു ഇതിലൊരു കവി വചനം. ഉച്ചിരയെന്നൊരാൾ ജീവിച്ചിരുന്നുവോ? ഉണ്ടായിരുന്നു. നവയുഗം ഗോവിന്ദൻ നമ്പൂതിരിയുടെ — പുറച്ചേരിയുടെ പിതാവിന്റെ- വടക്കില്ലത്ത് മനയുടെ അരികിലെ തൊടിയിലായിരുന്നുവത്രേ അവരുടെ കുടിപാർപ്പ്. അമ്മ ഗംഗാ അന്തർജനത്തെ ‘വടക്കില്ലത്തമ്മേ…’ എന്ന് നീട്ടി വിളിച്ച് മുറ്റത്തേക്ക് നടന്നു വരുന്നത് ഇപ്പോഴും കണ്ണിൽ നിറയുന്നുണ്ടെന്ന് കവി പറഞ്ഞതും ഓർക്കുന്നു.

രൂപകങ്ങളുടെ സമൃദ്ധിയും വിളവെടുപ്പും നിറഞ്ഞതാണ് ഇതിലെ 42 കവിതകളിലേറെയും. ഈ സമാഹാരത്തിലെ ആദ്യ കവിതയെക്കുറിച്ചും ചിലതെല്ലാം പറയാതെ പോകാനാകില്ല: അമ്മയാണ് മാധവൻ പുറച്ചേരിയുടെ വലിയൊരറിവ്. ഈ സമാഹാരം തുടങ്ങുന്നതേ ‘അമ്മക്കടലി‘ലാണ്. ‘അമ്മയുടെ ഓർമ്മ പുസ്തകം’ എന്ന അമ്മയനുഭവങ്ങളുടെ ശേഖരവും ഈ കവി എഴുതിയിട്ടുണ്ടല്ലോ. ഏഴു കടലുകൾ വിലയിച്ച ഒരൊറ്റക്കടലാണ് പുറച്ചേരിയുടെ ഈ ‘അമ്മക്കടൽ.’

“ഒരു തുള്ളി കണ്ണീര്

നെഞ്ചിലേക്കടർന്നു വീണു

ഉള്ളനക്കങ്ങളാൽ,

അക്കടൽ തന്നെ പെരുങ്കടൽ.”

- എന്ന് മാഴ്കുന്നു കവി

കടലുപോലെ പരക്കുന്ന കണ്ണീരമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിലും കണ്ണീരേറ്റിയവൾ; ‘അക്കാലം പറയുമ്പോൾ അമ്മക്കണ്ണിലിന്നും ഉൾപ്പിളർപ്പിൻ കരിങ്കടൽ…‘പാർട്ടിയുടെ ഊനഭംഗ (meio­sis )ത്തിൽ വിഭ്രാന്തിയോളമെത്തുന്ന അച്ഛന്റെ മനോവ്യതിയാനത്തിന് കാവലിരിക്കുന്നുണ്ട് ആ അമ്മ. നടുക്കടലിൽ മുങ്ങിപ്പൊങ്ങുന്ന ദുരിത സഞ്ചാരത്തിനിടയിലെ കടുംവാക്കായും ആ അമ്മയെ നമ്മൾ കേൾക്കുന്നു

‘മരിക്കുന്നതേ ഭേദം ’

“ഒരു പേരുമില്ലാത്തവൾ

എഴുതപ്പെട്ട പുറങ്ങളെല്ലാം

അവൾക്കന്യം

വെറും പത്നിയിൽ

ഒരു പരാവാരം…”

ഇങ്ങനെ പല മട്ടിൽ കല്ലിച്ച ഒരു നീറ്റലാകുന്നുണ്ട് മാധവൻ പുറച്ചേരിയുടെ ‘അമ്മക്കടൽ. ’ സമാഹൃതകൃതിയുടെ തുടർവായനയുടെ ദിശാ സൂചകമായും ഇക്കവിത ചേർന്നു നില്‍ക്കുന്നു. ഭൂമിയിൽ നിന്ന് കയ്യാളുന്ന, അനാദിയായ ചരിത്രവും പുരാവൃത്തങ്ങളും ജൈവപ്പശിമയും ഉൾച്ചേർന്ന ഒരുതരിമണ്ണ് പോലെ; മണ്ണിൽ വിളയുന്ന രുചികളെ മണ്ണരിച്ച് വേർതിരിക്കാനാവാത്തതുപോലെ, അവയെല്ലാം വളക്കൂറായി ഉൾച്ചേരുന്നുണ്ട് പുറച്ചേരിയുടെ കവിതകളിൽ. ‘പുറച്ചേരി’ ദേശത്തെയും തന്റെ വീട്ടകത്തെയും ചേർത്തുവച്ചാണ് കവി ചരിത്രത്തെയും സമൂഹത്തെയും പ്രകൃതിയെയും അനുഭവിക്കുന്നത്. സ്വാനുഭവമായി പരാവർത്തനം ചെയ്യുന്ന ആ അറിവുകളും അനുഭവങ്ങളും തന്നെയാണ് കാവ്യോദ്ദീപനത്തിന് അദ്ദേഹത്തിൽ പ്രേരകമായി വർത്തിക്കുന്നതും!

ഉച്ചിര(കവിത)

മാധവന്‍ പുറച്ചേരി

ഡിസി ബുക്സ്

വില: 140 രൂപ

 

Exit mobile version