Site iconSite icon Janayugom Online

ഉദയ്പുർ കൊലപാതകം; പ്രതികള്‍ക്കുനേരെ കോടതിയില്‍ കയ്യേറ്റം

UdaipurUdaipur

ഉദയ്‌പുർ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് നേരെ കോടതിയില്‍ കയ്യേറ്റം. ജയ്‌പുര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുമ്പോള്‍ റിയാസ് അക്താരി, മുഹമ്മദ് ഗൗസ്, മൊഹ്സിന്‍, ആസിഫ് എന്നിവരെ ജനക്കൂട്ടവും അഭിഭാഷകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കോടതി ഇവരെ 12 വരെ എന്‍ഐഎ കസ്റ്റഡിയിൽ വിട്ടു.
കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്ഥാന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തിലേക്ക് കയറ്റിയത്.
അതേസമയം പാകിസ്ഥാൻ സ്വദേശിയായ സൽമാൻ എന്നയാളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി. പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണ് സൽമാനെന്ന് എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികളോട് സൽമാൻ നിർദേശിച്ചതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പ്രവാചകനെ അപകീർത്തിപ്പെടുത്തി പരാമര്‍ശം നടത്തിയ നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാൽ എന്ന തയ്യൽക്കാരനെ പട്ടാപ്പകൽ ​കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
റിയാസും ഗൗസും അടങ്ങുന്ന ആദ്യ സംഘം കൊലനടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ശ്രമം നടത്തുന്നതിനായി മൊഹ്സിന്‍, ആസിഫ് എന്നിവര്‍ കാത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഎസ് മാതൃകയില്‍ തല വെട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ തല കഴുത്തില്‍നിന്നും പൂര്‍ണമായി വേര്‍പെട്ടില്ലാത്തതിനാല്‍ ഈ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇതിന് മൊഹ്സിനും ആസിഫും സഹായം ചെയ്തതായും പൊലീസ് കണ്ടെത്തി. 

Eng­lish Sum­ma­ry: Udaipur mur­der accused attacked in court

You may like this video also

Exit mobile version