Site icon Janayugom Online

ഉദയ്പുര്‍ കൊലപാതകം: പ്രതികള്‍ക്ക് എസ്ഡിപിഐ ബന്ധം

SDPI

ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് എസ്ഡിപിഐ ബന്ധമെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതി റിയാസ് അട്ടാരി 2019 മുതല്‍ എസ്ഡിപിഐ അംഗമാണെന്നും സംഘടനയിലെ സജീവ പ്രവര്‍ത്തകനാണെന്നും പൊലീസ് പറയുന്നു.

ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ തലയറുത്ത് കൊന്നത്.

കേസിലെ ഏഴാം പ്രതി ഉദയ്പുര്‍ സ്വദേശി ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ് (31) എന്ന ബാബ്‌ലയെ എന്‍ഐഎ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫണ്ട് ഇന്ത്യയും എന്‍ഡിപിഐയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഫര്‍ഹാദ് മുഹമ്മദ് സമ്മതിച്ചതായി എന്‍ഐഎ പറഞ്ഞു. റിയാസ് അട്ടാരിയുടെ അടുത്ത അനുയായിയാണ് ഇയാള്‍.

അതേസമയം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുവെന്നാരോപിച്ച് അമരാവതിയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഉമേഷ് കോല്‍ഹെയുടെ കൊലപാതകത്തിലും അന്വേഷണ സംഘം എസ്ഡിപിഐ ബന്ധം സംശയിക്കുന്നുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ സംബന്ധിച്ച സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ പ്രതികളുടെ വിദേശബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്നും അന്വേഷണ സംഘം പറയുന്നു.

Eng­lish Sum­ma­ry: Udaipur mur­der: Accused linked to SDPI

You may like this video also

Exit mobile version