Site iconSite icon Janayugom Online

ഉദയപൂരിലെ ചിന്തന്‍ശിബിര്‍; ജി 23, പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശങ്ങളല്ലെന്നും ചര്‍ച്ചക്ക് വരില്ല, രാഹുല്‍ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്‍റാക്കാനുള്ള അണിയറ ശ്രമങ്ങള്‍

അടിമുടി കോണ്‍ഗ്രസില്‍ മാററത്തിനായി രാജസ്ഥാനിലെ ഉദയപൂര്‍ ചിന്തന്‍ ശിബിരത്തില്‍ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരും, രാഹുല്‍ഗാന്ധിയുടെ ഉപജാപകവൃന്ദവും വീണ്ടും രാഹൂലിനെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി വാഴിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്താനുള്ള സാധ്യത ഇതോടെ ഏറുന്നു.

നേതാക്കളില്‍ ഭൂരിഭാഗവും അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കണം എന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതായി ഇക്കൂട്ടര്‍ പ്രഖ്യാപിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള എല്ലാ നേതാക്കളും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്ന നിലപാടുള്ളവരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റ്, ഡി കെ ശിവകുമാര്‍ എന്നിവരും ഇതേ നിലപാടുള്ളവരാണ്.എന്നാല്‍ ജി 23 നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും അനുകൂലമല്ല,ജി 23 നേതാക്കള്‍ക്ക് ഒപ്പമുള്ള ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടില്ല

കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുന്നത് 2013 ലെ ജയ്പുര്‍ ചിന്തന്‍ ശിബിരത്തിലൂടെയാണ്. ഒമ്പത് വര്‍ഷം മുന്‍പത്തെ അതേ സാഹചര്യത്തിലേക്ക് രാഹുല്‍ ഗാന്ധിയെ നയിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ ശ്രമം. കേരളത്തിലെ നേതാക്കള്‍ ഇതിനോടകം രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി പേര്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്ന് കരുതുന്നു എന്നും സച്ചിന്‍ പൈലറ്റും പറഞ്ഞിട്ടുണ്ട്.

ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞത്. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. അതിനിടെ ചിന്തന്‍ ശിബിരം ചര്‍ച്ചകളില്‍ പ്രധാനം ജി 23 യുടെയോ പ്രശാന്ത് കിഷോറിന്റെയോ നിര്‍ദ്ദേശങ്ങളല്ലെന്നും സമിതി പ്രമേയങ്ങളാണെന്ന് സംഘടന സമിതി അംഗം അധിര്‍ രഞ്ജന്‍ ചൗധരിയും വ്യക്തമാക്കി ചിന്തന്‍ ശിബിരം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വേദിയല്ല മറിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധിര്‍ രജ്ഞന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. ചിന്തന്‍ ശിബിരത്തില്‍ ആറ് ഉപസമിതികള്‍ തയ്യാറാക്കിയ കരട് പ്രമേയങ്ങള്‍ 422 പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും.

അതേസമയം പുതിയ മുഖങ്ങളെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുള്ള സമൂലമായ ആശയം കോണ്‍ഗ്രസ് ഉന്നതര്‍ സജീവമായി പരിഗണിക്കുന്നതായി പറയുന്നു. രാജ്യസഭാ അംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയില്‍ എല്ലാ തലങ്ങളിലും സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും നേതാക്കള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് 75 വയസാണ് പ്രായം.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് സി ഡബ്ല്യു സി നിര്‍ബന്ധിച്ചില്ലെങ്കില്‍ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് സൂചനയുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വയസ്സ് 79 വയസാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് 78 വയസ്സും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി തുടങ്ങിയവര്‍ക്ക് 80ന് മുകളിലും അംബികാ സോണി, ഹരീഷ് റാവത്ത്, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ 70 വയസിന് മുകളിലുമാണ്.

Eng­lish Summary:Udaipur’s Chin­tan­shibir G23 and Prashant Kishore’s sug­ges­tions will not be discussed.

You may also like this video:

Exit mobile version