അത്രയും പ്രിയമെന്ന്
പറഞ്ഞതല്ലേ
എന്നിട്ടിങ്ങനെ
നിശബ്ദമാകുമ്പോൾ
പ്രാണൻ വിറകൊള്ളുന്നു
ഉടലുപൊള്ളിക്കാതെ
ഉയിരിൽ പതിച്ച
നിന്റെ നോട്ടങ്ങൾ
തണുത്തുറഞ്ഞ ജലം
നിന്നിലേക്ക് പതിക്കുന്ന കിനാവുകൾ
കെട്ടുപോയ നക്ഷത്രമെന്ന്
എന്റെ രാത്രികൾ സങ്കടപ്പെടുന്നു
ഒച്ചയില്ലാത്ത നാം
ആഴങ്ങളിൽ
മീനുകളെപ്പോലെ
ഒളിച്ചു കളിക്കുന്നുവെന്ന്
ആരോ പറയുന്നു
മൗനത്തിന്റെ നീണ്ട
നിശ്വാസമാണ് നീയെന്ന്
ഹൃദയം പിടയുന്നു
നീയിറങ്ങിപ്പോയെന്ന്
ഞാനോർക്കാതിരിക്കാനാവാം
കിളികൾ പാടുന്നുണ്ട്
നമ്മുടെ ഈരടികൾ
നീയിതാ നീയിതായെന്ന്
കാറ്റ് ഇലപ്പടർപ്പിന്റെ
കാതിലോതുന്നു
ആകാശം നിന്നെയെഴുതിയ
പുസ്തകം
നീലയിൽ ഞാൻവായിക്കുന്നുണ്ട്
തിരിച്ചറിയുന്നുണ്ട്
ബോധത്തിന്റെ
വിശുദ്ധസ്ഥലികളിൽ
നിന്നെത്തൊടുന്നതിന്റെ അനുഭൂതികൾ
ഉടലുവകൾ

