Site iconSite icon Janayugom Online

ത്രിശൂലം വേണമെന്ന് ഉദ്ധവ്

അമ്പും വില്ലും ചിഹ്നം ഉപയോഗിക്കുന്നതിന് വിലക്ക് വന്നതിന് പിന്നാലെ ത്രിശൂലം, ഉദയ സൂര്യന്‍, തീപ്പന്തം എന്നിവയ്ക്കായി ശിവസേനയിലെ ഉദ്ധവ് പക്ഷം. അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും മൂന്ന് ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ശിവസേന എന്ന പേരില്‍ ഒരു പാര്‍ട്ടിക്കും മത്സരിക്കാനാകില്ല. ശിവസേന ബാലാസാഹിബ് താക്കറെ എന്നതാണ് ഉദ്ധവ് പക്ഷം ആദ്യം പരിഗണിക്കുന്ന പേര്. ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ എന്നതിനാണ് രണ്ടാമത്തെ പരിഗണന.
ശിവസേന പ്രബോധന്‍ താക്കറെ എന്ന പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. ചിഹ്നങ്ങളില്‍ രണ്ടാമത്തെ പരിഗണന ഉദയസൂര്യനാണ്. തീപ്പന്തം മൂന്നാം സ്ഥാനത്തുണ്ട്.
1989ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുമ്പ് വാളും പരിചയും, തെങ്ങ്, റയിൽവേ എൻജിൻ തുടങ്ങിയ ചിഹ്നങ്ങളാണ് ഉപയോഗിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ — ഉദ്ധവ് താക്കറെ പക്ഷം ചിഹ്നത്തിനും പാർട്ടിയുടെ പേരിനും വേണ്ടി അവകാശവാദം ഉയർത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും പേരും മരവിപ്പിക്കുകയായിരുന്നു,
കമ്മിഷൻ തീരുമാനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം. അതിനിടെ പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിക്കുന്നതിന് ഉദ്ധവ് വിഭാഗം തയാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 4682 വ്യാജ സത്യവാങ്മൂലങ്ങളും വ്യാജ സീലുകളുമാണ് മുംബൈ നിര്‍മല്‍ നഗര്‍ പൊലീസ് പിടിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

Eng­lish Sum­ma­ry: Uddhav wants the trident

You may like this video also

Exit mobile version