Site icon Janayugom Online

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉദ്ധവ് പക്ഷം സുപ്രീം കോടതിയില്‍

ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയില്‍.
വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച്‌ സുപ്രീം കോടതി തീരുമാനം ഉണ്ടാകുംവരെ കമ്മിഷന്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് താക്കറെയുടെ നീക്കം.
വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച്‌ സുപ്രീം കോടതി തീരുമാനം എടുക്കുന്നതുവരെ യഥാര്‍ത്ഥ ശിവസേന ആരാണെന്ന കാര്യത്തില്‍ കമ്മിഷന് തീരുമാനം എടുക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏകനാഥ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മിഷനെ സമീപിച്ചു. ഇതിനേത്തുടര്‍ന്ന് ഓഗസ്റ്റ് എട്ടിനകം പിന്തുണയ്ക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തും താക്കറെ വിഭാഗം ഹര്‍ജി നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Uddhav’s side against the Elec­tion Com­mis­sion in the Supreme Court

You may like this video also

Exit mobile version