Site icon Janayugom Online

സാമൂഹ മാധ്യമങ്ങളിലൂടെ യുഡിഎഫ് വ്യാജ പ്രചരണം; പരാതിനൽകി കെ കെ ശൈലജ

വടകര ലോക് സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെ വ്യാജ പ്രചരണത്തിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുഡിഎഫ് നടപടിക്കെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യമന്ത്രി, ഡി ജി പി, ഐ ജി, റൂറൽ എസ് പി, ജില്ലാ കലക്ടർ എന്നിവർക്ക് എൽഡിഎഫ് പരാതി നൽകി. വ്യക്തി അധിക്ഷേപത്തിനെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ് പ്രവർത്തകർ സാമൂഹമാധ്യമങ്ങളിലൂടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വ്യാജപ്രചരണങ്ങള്‍ നടത്തിക്കൊ ണ്ടിരിക്കുകയാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുസമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രേരണയോടെ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. 

ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമന്റുകളും മെസേജുകളും ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയുംവ്യക്തിപരമായി അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. കെ കെ ശൈലജ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിക്കുന്ന മെസേജുകൾക്ക് സംസ്ക്കാര ശൂന്യമായ കമന്റുകളും ഇടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം തെളിവ് സഹിതം നൽകിയാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് തികച്ചും വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കി. മാന്യമായ പ്രചാരണ രീതി സ്വീകരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി സന്നദ്ധമാകണമെന്നും നേതാക്കൾ ഓർമ്മപ്പെടുത്തി. വാർത്താസമ്മേളനത്തിൽ പി മോഹനൻ മാസ്റ്റർ, വത്സൻ പനോളി (സിപിഐഎം), ടി കെ രാജൻ മാസ്റ്റർ (സിപിഐ), എം കെ ഭാസ്ക്കരൻ (ആർ ജെ ഡി), സി കെ നാണു (ജെഡിഎസ്), വി ഗോപാലൻ മാസ്റ്റർ (കോൺഗ്രസ് എസ്), ടി എം കെ ശശീന്ദ്രൻ (ജനതാദൾ എസ്) എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Eng­lish Summary:UDF fake pro­pa­gan­da through social media; KK Shaila­ja filed a complaint
You may also like this video

Exit mobile version