Site iconSite icon Janayugom Online

നിലയില്ലാക്കയത്തിൽ യുഡിഎഫ്; തൊടുപുഴയിലും കട്ടപ്പനയിലും കോണ്‍ഗ്രസില്‍ വിമതപ്പട

വിമത ശല്യം മൂലം തൊടുപുഴ കട്ടപ്പന നഗരസഭകളില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ യുഡിഎഫ് കൂട്ടക്കുഴപ്പത്തിൽ. ചില വാര്‍ഡുകളില്‍ അഞ്ച് പേര്‍ വരെ സ്ഥാനാര്‍ഥികളായുണ്ട്. കോണ്‍ഗ്രസ് വാര്‍ഡുകളിലാണ് വിമതന്മാർ യു ഡിഎഫിനെ വട്ടം കറക്കുന്നത്. പത്രിക പിന്‍വലിക്കുന്ന അവസാന ദിവസമായ നാളെ പ്രശ്നങ്ങൾ തീർക്കുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. എന്നാൽ കാര്യങ്ങൾ പന്തിയല്ല. തൊടുപുഴ നഗരസഭയിൽ വിമത ഭീഷണി മൂലം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ അവസാനം മാറ്റങ്ങള്‍ വരുത്തി. പതിനേഴാം വാര്‍ഡില്‍ പ്രഖ്യാപിച്ചിരുന്ന മുന്‍ ചെയര്‍മാന്‍ എ എം ഹാരിദ് പതിനാറാം വാര്‍ഡിലേക്ക് മാറി. പതിനേഴില്‍ വിമതനായി രംഗത്ത് ഉറച്ച് നിന്നിരുന്ന യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എം നിഷാദിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കിയാണ് ഒത്തുതീർപ്. 16 ല്‍ നേരത്തെ പ്രഖ്യാപിച്ച യൂത്ത് ലീഗ് നേതാവ് ഷാമല്‍ അസീസിനെ നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചു.
ആകെയുള്ള 38 ല്‍ 34 വാര്‍ഡുകളിലാണ് എന്‍ഡിഎ മത്സരിക്കുന്നത്. മലേപ്പറമ്പ്, വലിയജാരം, കുമ്പംകല്ല്, ഉണ്ടപ്ലാവ് വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ഥികളില്ല. അവിടെ യു ഡിഎഫിന് വോട്ട് മറിക്കാനാണ് നീക്കം. നിലവിലുളള എട്ട് ബിജെപി കൗണ്‍സിലര്‍മാരെയും ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും റിബല്‍ ഭീഷണി മുഴക്കിയ ജിതേഷ് ഇഞ്ചക്കാട്ടിന് മുതലിയാര്‍മഠം വാര്‍ഡില്‍ സീറ്റ് നല്‍കി.

കട്ടപ്പന നഗരസഭയിൽ റിബൽ പ്രളയമാണ് കോൺഗ്രസ് നേരിടുന്നത്. ഏറ്റവും കൂടുതൽ പത്രിക കോൺഗ്രസിൽ നിന്നാണ് വന്നത്. പല വാർഡിലും റിബൽ സ്ഥാനാർത്ഥികകൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച അവസാന ദിവസം പോലും ആര് എവിടെ മത്സരിക്കും എന്ന ധാരണ പോലും ഉണ്ടായില്ല. ‘ഇതിനെതിരെ ആരോപണവുമായി കെപിസിസി സെക്രട്ടറി തോമസ് രാജനും രംഗത്ത് വന്നിരുന്നു. പത്രിക സമർപ്പിക്കുന്ന അവസാന സമയമായ മൂന്നു മണിക്കുപോലും പത്രിക സമർപ്പിക്കുന്നതിന്റെ വലിയ തിരക്കാണ് ഉണ്ടായത്. മൂന്നു മണിക്ക് എത്തിയവർക്ക് ടോക്കൺ നൽകി വളരെ വൈകിയാണ് നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗര സഭ ശ്രദ്ധാകേന്ദ്രമായി മാറി. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിൽ 191 പത്രികകൾ സാധുവായി. രണ്ട് പത്രികകൾ തള്ളി. ഇനിയുള്ള മണിക്കൂറുകൾ റിബൽ സ്ഥാനാർത്ഥികളെ പിന്തിരിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ഇത് എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. കോൺഗ്രസില മുതിർന്ന നേതാക്കളായ ഇ എം ആഗസ്തിയും ജോയി വെട്ടിക്കുഴിയുമ്മൾപ്പെടെയുള്ള നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്. 

Exit mobile version