Site iconSite icon Janayugom Online

നിലമ്പൂരിൽ വർഗീയ കാർഡിറക്കി യുഡിഎഫ്

ഉപതെരഞ്ഞെടുപ്പിൽ പരാജയം മണത്ത യുഡിഎഫ് ഒടുവിൽ വർഗീയകാർഡ് പുറത്തിറക്കി. യുഡിഎഫിന് വേണ്ടി ആ കർമ്മം നിർവഹിച്ചത് വെൽഫെയർ പാർട്ടിയാണെന്ന് മാത്രം. എൽഡിഎഫിനെ പാഠം പഠിപ്പിക്കുവാൻ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ജമാഅത്തെ ഇസ്മാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടി. യുഡിഎഫിന് വർഗീയനിറം നൽകുന്നത് സംഘപരിവാർ മുതലെടുക്കുകയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പ്രശ്നമാക്കുന്നില്ല എന്ന മട്ടിലായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ പ്രതികരണം. 

2019 മുതൽ നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ മുന്നണിക്ക് വർഗീയനിറം പകരുന്നതിലെ അപകടം മുന്നിൽക്കണ്ട കോൺഗ്രസ് നേതാക്കൾ അതെല്ലാം കയ്യോടെ നിഷേധിക്കുകയായിരുന്നു. തങ്ങൾ ആരുടേയും പിറകെ പിന്തുണ തേടി പോയിട്ടില്ലെന്നായിരുന്നു ന്യായീകരണം. എന്നാൽ യാഥാർത്ഥ്യം അതല്ലെന്നും യുഡിഎഫിനെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടത് തങ്ങൾ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയുമാണെന്നാണ് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം യുഡിഎഫ് നേതൃത്വവുമായും ആര്യാടൻ ഷൗക്കത്തുമായും ചർച്ച ചെയ്ത് ധാരണയിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവർ ചർച്ച നടത്തുന്നതിൽ തെറ്റ് എന്താണെന്നും വർഗീയനിറം ചാർത്തി ആ ചർച്ചയെ പൈശാചികം എന്ന നിലയിൽ എതിരാളികൾ വിശേഷിപ്പിക്കുന്നത് എന്തിനെന്ന് കൂടി അദ്ദേഹം ചോദിച്ചു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും അദ്ദേഹത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദും വെൽഫെയർ പാർട്ടിയുടെ വർഗീയതയെ കടുത്ത ഭാഷയിലാണ് മുൻകാലങ്ങളിൽ വിമർശിച്ചിരുന്നത്. എന്നാൽ അക്കാലങ്ങളിലെ അവരുടെ വാക്കുകളെ സൗഹൃദവിമർശനമായാണ് തങ്ങൾ കാണുന്നതെന്നാണ് വെൽഫെയർ പാർട്ടി പറയുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമം ഉൾപ്പെടെയുള്ള ന്യൂനപക്ഷ ദ്രോഹനടപടികളെ എതിർത്തതും ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതും യുഡിഎഫ് ആണെന്ന വിചിത്രവാദമുയർത്തി പുതിയ ബാന്ധവത്തെ ന്യായീകരിക്കാനും വെൽഫെയർ പാർട്ടി മടിച്ചില്ല. 

Exit mobile version