കേരളത്തിൽ ഭരണം നേടാന്‍ യു ഡി എഫ് എന്ത് നെറികേടും കാണിക്കാന്‍ തയ്യാറാകുന്ന അവസ്ഥയാണുള്ളതെന്ന് കേരള കോൺഗ്രസ് എം ഉന്നതഅധികാര സമിതി അംഗം അഡ്വ. മാത്യു കുന്നപ്പള്ളി. എല്‍ഡിഎഫ് വടക്കന്‍മേഖലാ വികസനമുന്നേറ്റജാഥയ്ക്ക് ഇരിട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിനെ വലവീശിപ്പിക്കാൻ യുഡിഎഫ് മെനക്കെടണ്ട. എൽഡിഎഫിനെ വഞ്ചിക്കാൻ കേരള കോൺഗ്രസ് എം തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അത്യപൂർവ്വമായ നേട്ടമാണ് കേരളത്തിൽ കൈവരിച്ചത്. സാമൂഹ്യ സുരക്ഷാരംഗത്തും കാർഷിക മേഖലയിലും സമസ്ത മേഖലയിലും വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിഞ്ഞ പത്തുവർഷം കൊണ്ട് കഴിഞ്ഞു. മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കാൻ ബൃഹത്തായ പദ്ധതി കേരളത്തിൽ നടപ്പിലാക്കി വരികയാണ്.
ഇത് മുന്നോട്ടുകൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ്. ഭരണമില്ലാതെ കോൺഗ്രസിന് ഒരു നിമിഷം പോലും നിൽക്കാൻ കഴിയില്ല. അതുകൊണ്ട് എങ്ങനെയും ഭരണം തിരിച്ചുപിടിക്കുന്നതിന് കേരള കോൺഗ്രസിനെ ചാക്കിട്ട് പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പക്ഷെ അത് വിലപ്പോവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ എത്തും. കഴിഞ്ഞ പത്തു വർഷക്കാലം ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയെന്നും മാത്യു കുന്നപ്പള്ളി പറഞ്ഞു.

