Site iconSite icon Janayugom Online

ഹിന്ദി ഒന്നിപ്പിക്കുമെന്ന് അമിത് ഷാ: അസംബന്ധമെന്ന് ഉദയനിധി

ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച്‌ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണ്. നാലോ, അഞ്ചോ സംസ്ഥാനങ്ങളില്‍ മാത്രം സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കില്ലെന്നും ഉദയനിധി പറഞ്ഞു.
നേരത്തെ, രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷയ്ക്ക് പ്രധാന പങ്കുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ കാലം മുതല്‍ ഇന്നുവരെ അത് തുടരുകയാണ്.
ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നതിന്റെ  പേരാണ് ഹിന്ദിയെന്നും ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഹിന്ദി പഠിച്ചാല്‍ മുന്നേറാം എന്ന നിലവിളിയുടെ ഒരു ബദല്‍ രൂപമാണ് അമിത് ഷായുടെ പുതിയ ആശയമെന്ന് ഉദയനിധി എക്സില്‍ കുറിച്ചു. തമിഴ്‌നാട്ടില്‍ തമിഴ് ‑കേരളത്തില്‍ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നതെന്നും ഉദയനിധി ചോദിച്ചു. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.
അതേസമയം സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും നാരായണ്‍ റാണെയുടെ മകനുമായ നിതീഷ് റാണെ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ഉദയനിധി കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ചുപോകില്ലെന്നായിരുന്നു റാണെയുടെ പരാമര്‍ശം. കഴിഞ്ഞദിവസം ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പൊലീസ് കേസെടുത്തിരുന്നു.
Eng­lish Sum­ma­ry: Udhayanid­hi Stal­in hits out at Amit Shah for his ‘Hin­di unites’ comment
You may also like this video
Exit mobile version