Site icon Janayugom Online

ഉഡുപ്പി-കരിന്തളം 400 കെവി ലൈൻ കേരളത്തിൽ വേഗത്തിൽ; കർണാടകയിൽ ലൈൻ മുറിഞ്ഞു തന്നെ

വടക്കേമലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി കർണാടകയിൽ ഇഴഞ്ഞുനീങ്ങുന്നു. കർണാടകയിലെ ഉഡുപ്പി മുതൽ കാസർകോട് ജില്ലയിലെ കരിന്തളം വരെയുള്ള വൈദ്യുതിലൈൻ കേരളത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാണെങ്കിലും കർണാടകയിൽ ഇത് സർവേയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പ്രാദേശികമായ എതിർപ്പാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വിഭാവനം ചെയ്ത 1000 മെഗാവാട്ട് ഉഡുപ്പി ‑കരിന്തളം 400 കെവി ലൈൻ നിർമ്മാണമാണ് കർണാടകയുടെ നിസഹകരണംമൂലം ഇഴഞ്ഞു നീങ്ങുന്നത്. അതേ സമയം കേരളത്തിൽ ടവർ ഉൾപ്പെടെ നിർമ്മാണം പൂർത്തിയായി വരുന്നു. നിലവിൽ കേരളത്തിൽ ഇതിനായി 74 ട്രാൻസ്മിഷൻ ടവറുകൾ സ്ഥാപിച്ചുഴിഞ്ഞു. 810 മീറ്റർ ലൈൻ നിർമ്മാണവും ഇതിനകം പൂർത്തിയായി. ആകെ 115 കിലോമീറ്ററാണ് ഉഡുപ്പി–കരിന്തളം ലൈനിന്റെ ദൂരം. രണ്ടിടത്ത് 400 കെവി സബ്സ്റ്റേഷനും സ്ഥാപിക്കും. ഇതിൽ 47 കിലോമീറ്റർ കേരളത്തിലും 68 കിലോമീറ്റർ കർണാടകത്തിലുമാണ്. 

ആകെ 283 ടവറാണ് സ്ഥാപിക്കുന്നത്. കേരളത്തിൽ 101, കർണാടകത്തിൽ 182. ഇവയിൽ കേരളത്തിലെ 85 എണ്ണത്തിന്റെ ടവർ ഫൗണ്ടേഷൻ പൂർത്തിയായി. 74 ടവർ കേരളത്തിൽ സ്ഥാപിച്ചും കഴിഞ്ഞു. കരിന്തളത്താണ് 400 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. സബ് സ്റ്റേഷൻ നിർമ്മാണത്തിന് 12 ഏക്കര്‍ ഭൂമി സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് പാട്ടത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ 400 കെവി സബ്സ്റ്റേഷന്റെ 50 ശതമാനം പ്രവൃത്തി പൂർത്തിയായി. കേന്ദ്ര ഊർജ വകുപ്പിന്റെ 860 കോടി രൂപ ചെലവുള്ള പദ്ധതി കേന്ദ്ര ഊർജവകുപ്പിന്റെ ഭാഗമായ ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് ടിബിസിബി വ്യവസ്ഥയിൽ ക്ഷണിച്ച ടെൻഡർ പ്രകാരം സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ ഭാഗമായ ഉഡുപ്പി കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡാണ് (യുകെടിഎൽ) പ്രവൃത്തി നടത്തുന്നത്. 

നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമലബാറിലേക്ക് വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെവി സബ്സ്റ്റേഷനിൽ നിന്നാണ്. ഈ ലൈനുകളിൽ തകരാറുണ്ടായാൽ കണ്ണൂർ, കാസർകോട് ജില്ലകൾ പുർണമായും ഇരുട്ടിലാകും. വർഷങ്ങളായി പൂർണമായും ഈ ലൈൻ ഓഫ് ചെയ്ത് അറ്റകുറ്റപണി പോലും നിർവ്വഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതി. കർണാടകത്തിലെ നന്ദിപ്പൂരിലെ തെർമൽ പവർ സ്റ്റേഷനിൽനിന്നാണ് നിലവിൽ വൈദ്യുതി അരിക്കോടേക്ക് എത്തിക്കുന്നത്. ഉഡുപ്പിയിൽനിന്ന് മൈസൂരുവഴി മലപ്പുറം ജില്ലയിലെ അരീക്കോട് സബ്സ്റ്റേഷനിൽ കൊണ്ടുവന്ന് കാസർകോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മയിലാട്ടി, അമ്പലത്തറ സബ്സ്റ്റേഷനുകളിൽ എത്തിച്ചാണ് കണ്ണൂർ കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം നടത്തുന്നത്. 

അതിനുപകരം ഉഡുപ്പിയിൽനിന്ന് നേരിട്ട് കരിന്തളത്തേക്ക് എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനിടെ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ഇതുംകൂടി പൂർത്തിയാവുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 400 കെവി പവർ ഹൈവേ യാഥാർത്ഥ്യമാകും. കേരളത്തിൽ ലൈൻ പോകുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ചില തർക്കങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാൻ വൈദ്യുതിലൈൻ കടന്നുപോകുന്ന പഞ്ചായത്തുകളിലെ സ്ഥലം ഉടമകൾ, ജനപ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടുന്നവരുടെ അടിയന്തര യോഗം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം കർണാടകയിൽ ഇപ്പോഴും സർവേ മാത്രം നടക്കുന്നതേയുള്ളൂ. 

Eng­lish Summary:Udupi-Karinthalam 400 KV Line Fast in Ker­ala; The line has already been cut in Karnataka
You may like this video also

Exit mobile version