Site iconSite icon Janayugom Online

ഉഡുപ്പി-കരിന്തളം പവര്‍ ഹൈവേ പണി പുനരാരംഭിക്കുന്നു

ഉത്തര മലബാറിന്റെ ഊർജ പ്രതിസന്ധിക്ക് പരിഹാരമാവുന്ന ഉഡുപ്പി — കരിന്തളം — വയനാട് പവർ ഹൈവേ പ്രവൃത്തി വീണ്ടും തുടങ്ങി. സ്ഥലമേറ്റെടുപ്പ്‌ സംബന്ധിച്ച പ്രതിസന്ധി കാരണം ഇടക്കാലത്ത്‌ മുടങ്ങിയ പ്രവൃത്തിയാണ്‌ വീണ്ടും ആരംഭിക്കുന്നത്‌. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ മികച്ച നഷ്ടപരിഹാരം മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ ഉറപ്പാക്കിയതോടെയാണ്‌ പ്രവൃത്തി വീണ്ടും തുടങ്ങിയത്‌. മലബാറിലെ വൈദ്യുതി ക്ഷാമത്തിന് പൂർണമായും പരിഹരമാവുന്ന ഉഡുപ്പി കരിന്തളം — വയനാട് 1000 മെഗാവാട്ട് 400 കെ വി ലൈൻ നിർമാണമാണ് പുരോഗമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ പരിഹാരമാവും.

ടവർ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി ലൈൻ വലിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. 115 കിലോമീറ്ററാണ് ഉഡുപ്പി – കരിന്തളം ലൈനിന്റെ ദൂരം. രണ്ടിടത്ത് 400 കെവി സബ്സ്റ്റേഷനും സ്ഥാപിക്കും. വൈദ്യുതി ലൈനിൽ 47 കിലോമീറ്റർ കേരളത്തിലും 68 കിലോമീറ്റർ കർണാടകത്തിലുമാണ്. ആകെ 283 ടവറാണ് സ്ഥാപിക്കുന്നത്. ഇതിൽ 101 എണ്ണം കേരളത്തിലും 182 എണ്ണം കർണാടകത്തിലുമാണ് . കിനാനൂർ ‑കരിന്തളം പഞ്ചായത്തിലെ കയനിയിൽ സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയ 12 ഏക്കര്‍ ഭൂമിയിലാണ് 400 കെവി സബ്സ്റ്റേഷൻ സ്ഥാപിച്ചത്.

കേന്ദ്ര ഊർജ വകുപ്പിന്റെ 860 കോടി രൂപ ചെലവുള്ള പദ്ധതി വകുപ്പിന്റെ ഭാഗമായ ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് ടിബിസിബി വ്യവസ്ഥയിൽ ക്ഷണിച്ച ടെൻഡർ പ്രകാരം സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ ഭാഗമായ ഉഡുപ്പി കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡാണ് (യുകെടിഎൽ) പ്രവൃത്തി നടത്തുന്നത്. നിലവിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെയുള്ള ഉത്തരമലബാറിലേക്ക് വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെവി സബ്സ്റ്റേഷനിൽനിന്നാണ്. ഈ ലൈനുകളിൽ തകരാറുണ്ടായാൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഇരുട്ടിലാകും. 

Exit mobile version