പ്രതിപക്ഷ നേതാവ് ബോബി വൈനിനായി ഉഗാണ്ടൻ സൈന്യം വേട്ടയാടല്‍ തുടരുന്നു. വെെനിനെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സൈനിക മേധാവിയും പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനുമായ മുഹൂസി കൈനെരുഗാബ സെെന്യത്തിന് നിര്‍ദേശം നല്‍കി. പ്രചാരണങ്ങളില്‍ സജീവമായിരുന്ന വെെന്‍ ജനുവരി 15ന് നടന്ന വോട്ടെടുപ്പിന് ശേഷം ഒളിവിൽ പോയി.
ദേശീയ തലസ്ഥാനമായ കമ്പാലയുടെ വടക്കൻ പ്രാന്തപ്രദേശമായ മഗെരെയിലുള്ള അദ്ദേഹത്തിന്റെ വസതി തൊട്ടടുത്ത ദിവസം സെെന്യം റെയ്ഡ് ചെയ്തിരുന്നു. 23 ന്, വൈനിന്റെ പാർട്ടിയായ നാഷണൽ യൂണിറ്റി പ്ലാറ്റ്‌ഫോമി (എന്‍യുപി)ന്റെ 2,000 അനുയായികളെ കസ്റ്റഡിയിലെടുത്തു. ഇതുവരെ 30 എന്‍യുപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും സെെന്യം പറയുന്നു.
വെെനിനായുള്ള തെരച്ചിലിനിടെ അദ്ദേഹത്തിന്റെ ഭാര്യയെ സെെനികര്‍ ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ വെെനിന്റെ ഭാര്യ സെെനികര്‍ മര്‍ദിച്ചുവെന്ന വാര്‍ത്ത കൈനെരുഗബ തള്ളി. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 1986 മുതൽ ഉഗാണ്ട ഭരിക്കുന്ന 81 കാരനായ പ്രസിഡന്റ് യോവേരി മുസേവേനിക്ക് ഏഴാം തവണയും അധികാരതുടര്‍ച്ച നേടാനായി. രാഷ്ട്രീയ പ്രതിപക്ഷത്തിനും മനുഷ്യാവകാശ സംരക്ഷകർക്കും പത്രപ്രവർത്തകർക്കും എതിരെ വ്യാപകമായ അടിച്ചമർത്തലും ഭീഷണിയും നിറഞ്ഞ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് യുഎന്‍ വിശേഷിപ്പിച്ചിരുന്നു.

