Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ കോളജുകളില്‍ സൂര്യനമസ്‌കാരം നടത്താന്‍ യുജിസി നിര്‍ദേശം

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യുജിസി നിര്‍ദേശം. ഫെഡറേഷന്‍ ത്രിവര്‍ണപതാകയ്ക്കുമുന്നില്‍ സംഗീത സൂര്യനമസ്‌കാരപരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ഈസമയം കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യോഗചെയ്യണമെന്നാണ് നിര്‍ദേശം. പരിപാടിക്ക് പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. പുതുമോടിയിലുള്ള രാജ്പഥില്‍ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം കാഴ്ചയുടെ പൊടിപൂരമാവും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവേളയില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ തിരക്കിട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്ജമായിക്കഴിഞ്ഞു. രാവിലെ പത്തരയ്ക്ക് സൈനിക പരേഡ് തുടങ്ങും.

പരേഡ് പ്രദര്‍ശിപ്പിക്കാന്‍ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പത്ത് വലിയ എല്‍ഇഡി. സ്‌ക്രീനുകള്‍ സ്ഥാപിക്കും. മുന്‍വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും ഇതില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച 5000 സൈനികരെ എന്‍സിസി.പ്രത്യേക ചടങ്ങില്‍ ആദരിക്കും.

രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നന്ദിഫലകം കൈമാറും. മൂന്നു സേനകളും ചേര്‍ന്നുള്ള അഭ്യാസക്കാഴ്ചയില്‍ 75 യുദ്ധവിമാനങ്ങള്‍ പങ്കെടുക്കും. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളുമായി 15 ദൃശ്യാവിഷ്‌കാരം. റഫാല്‍, സുഖോയ്, ജാഗ്വര്‍, മിഗ്-17, സാരംഗ്, അപ്പാച്ചെ, ദക്കോത തുടങ്ങിയ യുദ്ധവിമാനങ്ങളും അണിനിരക്കും.

ആഘോഷത്തിനു സമാപനം കുറിക്കുന്ന ബീറ്റിങ് റിട്രീറ്റില്‍ 1000 ഡ്രോണുകള്‍ അണിനിരക്കുന്ന ഷോ. ഡല്‍ഹി ഐഐടിയിലെ പുതുസംരഭമായ ബോട്ട്ലാബ് ഡൈനാമിക്സിന്റെ നേതൃത്വത്തിലാവും ഈ പ്രകടനം. കോവിഡ് പശ്ചാത്തലത്തില്‍ 24,000 പേര്‍ക്കു മാത്രമാണ് പരേഡ് നേരിട്ടുകാണാന്‍ അനുമതി. ഇതില്‍ 19,000 ക്ഷണിക്കപ്പെട്ടവരും 5000 പൊതുജനങ്ങളും.

Eng­lish Sumam­ry: UGC pro­pos­es to hold sun salu­ta­tions in col­leges on Repub­lic Day

You may also like this video:

Exit mobile version