Site iconSite icon Janayugom Online

കാമ്പസുകളില്‍ കാവിവല്‍ക്കരണത്തിന് യുജിസിയുടെ ‘ഹർ ഘർ ധ്യാൻ’

UGCUGC

ചരിത്രവും സംസ്കാരവും വിദ്യാഭ്യാസവുമുള്‍പ്പെടെ സമ്പൂര്‍ണ കാവിവല്ക്കകരണത്തിന്റെ ഭാഗമായി കാമ്പസുകളില്‍ ധ്യാന പരിശീലനവുമായി യുജിസി. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗയുടെ ചുവടുപിടിച്ച് ഹർ ഘർ ധ്യാൻ ക്യാമ്പയ്‌ന്‍ എന്ന പേരിലാണ് പുതിയ പദ്ധതി. ഇതിനായി യുജിസിയും സിബിഎസ്ഇയും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും നോട്ടീസ് അയച്ചു.
രാജ്യത്തെ സർവകലാശാലകളിലെയും കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യുജിസിയും സിബിഎസ്ഇയും കത്തയച്ചിരിക്കുന്നത്. ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ഹർ ഘർ ധ്യാൻ പരിപാടിയിൽ ചേരാൻ യുജിസി എല്ലാ വൈസ് ചാൻസലർമാരോടും കോളജ് പ്രിൻസിപ്പൽമാരോടും ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള 25,000 സ്കൂളുകളിലേക്ക് സമാനമായ കത്ത് സിബിഎസ്ഇയും അയച്ചിട്ടുണ്ട്.

‘ഹർ ഘർ’ എന്ന പേരിലുള്ള പ്രചാരണങ്ങൾ കൃത്യമായ ബിജെപി അജണ്ടയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ‘ഹർ ഘർ മോഡി’ എന്നായിരുന്നു ക്യാമ്പയ്ന്‍. അതേ മുദ്രാവാക്യമാണ് ബിജെപിക്കും രവിശങ്കറിനും വേണ്ടി യുജിസി പരസ്യം ചെയ്യുന്നതെന്ന് മുൻ ഡൽഹി യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം അഭ ദേവ് ഹബീബ് പറഞ്ഞു. യുജിസിയുടെ ജോലി പ്രാഥമികമായി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്തുക എന്നതാണ്. നിലവില്‍ സര്‍ക്കാര്‍ പരിപാടികളുടെ പ്രചരണ വിഭാഗമായി ചുരുങ്ങിയിരിക്കുകയാണെന്നും ഹബീബ് പറഞ്ഞു.
മാനസികാരോഗ്യത്തിനുള്ള പരിഹാരമായി ധ്യാനം പരിചയപ്പെടുത്തുകയും അതിന്റെ പ്രയോജനം നേടുന്നതിന് വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അഫിലിയേറ്റഡ് കോളജുകളോടും/ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസിയുടെ കത്ത്. അധ്യാപക- അനധ്യാപക ജീവനക്കാരിലെ മുതിർന്ന അംഗത്തെ പ്രോഗ്രാമിന്റെ അംബാസഡറായി നാമനിർദ്ദേശം ചെയ്യാമെന്നും സെഷനുകളുടെ നടത്തിപ്പിനായി ആർട്ട് ഓഫ് ലിവിങ് ധ്യാന അംബാസഡർമാരുമായി നേരിട്ട് ബന്ധപ്പെടുകയും ഏകോപിപ്പിക്കുകയും ചെയ്യാമെന്നും കത്തിൽ പറയുന്നു.

ഹർ ഘർ ധ്യാൻ പദ്ധതിയില്‍ ആർട്ട് ഓഫ് ലിവിങ് അധ്യാപകരെ ധ്യാന പരിശീലകരായും സ്ഥാപനങ്ങളുടെ പ്രതിനിധികളെയും താല്പര്യമുള്ള പൊതുജനങ്ങളെയും ധ്യാന അംബാസഡർമാരായും നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, കഴിഞ്ഞ 27ന് അറിയിച്ചിരുന്നു.
രവിശങ്കറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരസ്യമായി പരസ്പരം പുകഴ്ത്തുന്നവരാണ്. 2016ൽ ഡൽഹിയിൽ യമുനയുടെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ആർട്ട് ഓഫ് ലിവിങ് പരിപാടി വഴിയുണ്ടായ പരിസ്ഥിതി നാശത്തിന് അഞ്ച് കോടി രൂപ ദേശീയ ഹരിത ട്രെെബ്യൂണല്‍ പിഴ ചുമത്തിയിരുന്നു.

Eng­lish Sum­ma­ry: UGC’s ‘Har Ghar Dhyan’ for saf­froniza­tion in campuses

You may also like this video 

Exit mobile version