ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരന് നേരെ ടീച്ചറിന്റെ ക്രൂരത.സ്ക്കൂള്‍ ബാഗ് മറന്നതിന്റെ പേരില്‍ ടീച്ചറിന്റെ കടുത്ത ശിക്ഷയ്ക്കാണ് കുട്ടി വിധേയനായത്.ഒരു ദയയുമില്ലാതെ തല്ലിയതിന് പുറമേ വസ്ത്രവും ‚ഷൂവും ഊരി മാറ്റിയശേഷം ടീച്ചര്‍ കുട്ടിയെഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചതായും കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു.അലിഗഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ വിട്ട് കരഞ്ഞ് കൊണ്ട് കുട്ടി വീട്ടിലേക്ക് വരുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ സ്‌കൂളില്‍ പോയി പ്രതിഷേധിച്ച മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഖേരേശ്വര് ധാം ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായ ജെയിംസ് ആണ് ടീച്ചറിന്റെ ക്രൂരത നേരിട്ടത്. അന്ന് കുട്ടിയുടെ അച്ഛന്‍ നഗരത്തിന് പുറത്തായിരുന്നു.
അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കുട്ടിയുടെ മുത്തച്ഛനാണ് അവനെ സ്‌കൂളില്‍ വിട്ടത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചതിന്റെ പേരില്‍ ടീച്ചര്‍ മകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അച്ഛന്‍ ദിലീപ് പറഞ്ഞു.അവര്‍ അവന്റെ വസ്ത്രങ്ങളും ചെരിപ്പുകളും അഴിച്ചുമാറ്റി, ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചു, കഠിനമായ ക്രൂരതയ്ക്ക് വിധേയമാക്കി. മകന്‍ അനുഭവിച്ച ക്രൂരത ദിലീപ് വിശദീകരിച്ചു.
കണ്ണീരോടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ടീച്ചറിന്റെ ക്രൂരത അമ്മയോട് പറയുകയായിരുന്നു.കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ലോധ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു.സ്‌കൂള്‍ ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് ഡിഎസ്പി രഞ്ജന്‍ ശര്‍മ പറഞ്ഞു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും. കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്ന ആരോപണം തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാണെന്നും മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.