Site iconSite icon Janayugom Online

റഷ്യൻ സൈന്യത്തിലെ ഇന്ത്യൻ യുവാവിനെ പിടികൂടി ഉക്രെയ്ൻ; വീഡിയോ പുറത്ത്

റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിച്ച് ഉക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശി 22 കാരനായ സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്നയാളെയാണ് പിടികൂടിയതായി അവകാശപ്പെടുന്നത്. ഇയാൾ ഇന്ത്യക്കാരനാണെന്നാണ് അവകാശപ്പെടുന്നതെന്നും ഉക്രൈൻ അറിയിച്ചു. ഉക്രെയ്ൻ മാധ്യമങ്ങളാണ് ഉക്രൈൻ സേനയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. 

എന്നാൽ ഇയാളുടെ കസ്റ്റഡി ഇന്ത്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഉക്രെയ്ൻ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഠനത്തിനായാണ് ഹുസൈൻ റഷ്യയിലെത്തിയത്.പിന്നീട് മയക്കുമരുന്ന് കേസിൽ ജയിലിലായെന്നും അവിടെ വെച്ച് റഷ്യൻ സൈന്യം നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നും ഉക്രൈനിൽ നിന്നുള്ള ‘ദ കീവ് ഇൻഡിപെൻഡൻ്റ്’ റിപ്പോർട്ട് ചെയ്യുന്നു. പിടിയിലായ ഹുസൈന്റെ വീഡിയോ ഉക്രെൻ പുറത്തുവിട്ടു. റഷ്യയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഏഴ് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നുവെന്നും ജയിലിൽ കഴിയുന്നതിനിടെ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ തീരുമാനിക്കുകയായിരുന്നെന്നും വീഡിയോയിൽ ഹുസൈൻ പറയുന്നുണ്ട്. 

16 ദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചതെന്നും, ഒക്ടോബർ ഒന്നിനാണ് തന്നെ ആദ്യമായി യുദ്ധത്തിന് അയച്ചതെന്നും ഹുസൈൻ ഉക്രെയ്ൻ സൈനികരോട് വെളിപ്പെടുത്തി. തന്റെ കമാൻഡറുമായുണ്ടായ തർക്കത്തെ തുടർന്ന് താൻ ഉക്രെയ്ൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ഹുസൈൻ പറഞ്ഞു.

Exit mobile version