ഉക്രെയ്നില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നു. ഡൊണട്സ്‍ക് മേഖലയില്‍ ഉക്രെയ്ന്‍ സൈന്യം ആക്രമണം തുടങ്ങിയതായി ഡൊണട്സ്‍ക് പീപ്പിൾസ് റിപ്പബ്ലിക്ക് ആരോപിച്ചു. എന്നാല്‍ വിമത സംഘടനകളാണ് ആക്രമണം നടത്തുന്നതെന്ന് ഉക്രെയ്ന്‍ സംയുക്ത സേനയും ആരോപിക്കുന്നു. യുദ്ധസന്നാഹം ഒരുക്കാന്‍ വിമത സംഘടനകള്‍ ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്.
പീരങ്കി ആക്രമണമുള്‍പ്പെടെ നടന്നതിന് തെളിവായി ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. അതേസമയം, റഷ്യന്‍ പ്രദേശമായ റോസ്‍തോവിലേക്കും ഉക്രെയ്ന്‍ ഷെല്ലാക്രമണം നടത്തി. ഇതിന്റെ ചിത്രം റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ പ്രദേശങ്ങളായ ലുഗാൻസ്കിലെയും ഡൊനെറ്റ്‌സ്കിലെയും നഗരങ്ങളിൽ നിന്നും കുട്ടികളടക്കം നിരവധിപേര്‍ റഷ്യയില്‍ അഭയംതേടി. ഇതിനോടകം 25000 ത്തിലേറെപ്പേര്‍ റോസ്തോവിലെത്തി.
വിമതരുടെ ആക്രമണത്തില്‍ ഒരു സെെനികന്‍ കൊല്ലപ്പെട്ടതായും രണ്ട് സെെനികര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ സെെന്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 തവണ ഷെല്ലാക്രമണമുണ്ടായതായി ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. ഉക്രെയ്ന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഡൊണട്സ്‍ക്, ലുഗാന്‍സ്ക് മേഖലകളിലായി 39ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മിന്‍സ്ക് ഉടമ്പടി ലംഘിച്ചുകൊണ്ടാണ് ഉക്രെയ്ന്‍ സൈന്യം 120 എംഎം ഷെല്ലുകള്‍ ഉപയോഗിക്കുന്നതെന്ന് ലുഗാന്‍സ്ക് പീപ്പിള്‍സ് റിപ്പബ്ലിക് ആരോപിച്ചു. തെക്കൻ ഡോൺബാസ് വാതക പൈപ്പ് ലൈനിൽ രണ്ടുതവണ സ്ഫോടനമുണ്ടായി. എന്നാല്‍ ഇതില്‍ പങ്കില്ലെന്ന് ഉക്രെയ്ന്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന് പ്രതികരിച്ച റഷ്യ സംഘര്‍ഷം ഉക്രെയ്ന്റെ ആഭ്യന്തരകാര്യങ്ങളാണെന്നും വിശേഷിപ്പിച്ചു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ ആവര്‍ത്തിച്ചു പറയുമ്പോഴും, ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സെെനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നിട്ടുണ്ട്. അതിനിടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും റഷ്യ നടത്തി.
english summary; Ukraine civil war intensifies
you may also like this video;