Site iconSite icon Janayugom Online

ഉക്രെയ്ന്‍ പ്രതിസന്ധി: അഞ്ച് ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി

UkraineUkraine

ഉക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. മൂന്ന് കോടീശ്വരന്മാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞു. ഉക്രെയിനിനെതിരെ റഷ്യയുടെ നീക്കത്തിനുപിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രൈനിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുകെ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത ബോറിസ് ജോൺസൺ, അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിന്‍ നടത്തിയിരിക്കുന്നത് എന്ന് പറഞ്ഞു. ആക്രമണം തുടർന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

അതിനിടെ റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് സെലെൻസ്‌കിയുടെ പ്രതികരണം.
“യുക്രൈനും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുള്ള കാര്യം പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് എനിക്ക് അഭ്യർഥന ലഭിച്ചു. ഞാൻ ഇപ്പോൾ അക്കാര്യം പരിശോധിക്കുകയാണ്,”- യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി പറഞ്ഞു.

ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേങ്ങളാണ്. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനം എടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്യക്‌തമാക്കി.

Eng­lish Sum­ma­ry: Ukraine cri­sis: Five banks banned

You may like this video also

Exit mobile version