Site iconSite icon Janayugom Online

ഉക്രെയ്ന്‍ പ്രതിസന്ധി അഞ്ച് ദശലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിക്കും

ഉക്രെയ്ന്‍ അധിനിവേശം അഞ്ച് ദശലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് ആംനെസ്റ്റിയുടെയും നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സിലിന്റെയും റിപ്പോര്‍ട്ട്. റഷ്യ ഉക്രെ‍യ്‍ന്‍ അധിനിവേശ ശ്രമങ്ങളുമായി മുന്നോട്ട് പോയാല്‍ അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കിഴക്കന്‍ യൂറോപ്പിലെ അഭായാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പോളണ്ടിലേക്ക് കുടിയേറുമെന്നും 50,000 പൗരന്‍മാര്‍ക്കും 25,000 ഉക്രെ‍യ്‍ന്‍ സെെനികര്‍ക്കും ജീവന്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയും ഉക്രെയ്‍നും തമ്മിലുള്ള സംഘര്‍ഷം ഇരു രാജ്യങ്ങളിലേയും ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കും. യഥാർത്ഥ സൈനിക ശക്തിയുടെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കുമെന്നും ആംനസ്റ്റിയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു. അതേസമയം ഉക്രെയ്ന്‍ ആക്രമണത്തിന് റഷ്യ തങ്ങളുടെ 70 ശതമാനം സൈനിക സന്നാഹവും സജ്ജമാക്കി കഴിഞ്ഞെന്ന് യുഎസ് ഉന്നതതല റിപ്പോര്‍ട്ടുകളുമുണ്ട്. ആക്രമണം നടത്താന്‍ വ്‍ളാദിമിര്‍ പുടിന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ന്യൂയോര്‍ക്ക് ടെെംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉക്രെയ്‌നില്‍ നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയല്‍ രാജ്യങ്ങളില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ നാറ്റോ അംഗമല്ലെങ്കിലും യുഎസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാനമായി പിന്‍വാങ്ങിയ യുഎസ് സെെനികന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മേജർ ജനറൽ ക്രിസ്റ്റഫർ ഡൊണാഹുവിന്റെ നേതൃത്വത്തിലുള്ള 82ാം എയർബോൺ ഡിവിഷനിലെ 1700 സെെനികരെ പോളണ്ടിലേക്ക് അയക്കാന്‍ യുഎസ് തീരുമാനിച്ചിട്ടുണ്ട്. പോളണ്ടിനെ കുടാതെ റൊമാനിയ, ജർമ്മനി എന്നിവിടങ്ങളിലും കൂടുതൽ സൈനികരെ യുഎസ് വിന്യസിച്ചിട്ടുണ്ട്.

ഉക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. പാശ്ചാത്യ സഖ്യകക്ഷികളുമായും ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ സെലന്‍സ്കിയുമായും മക്രോൺ ചര്‍ച്ച നടത്തിയിരുന്നു. ഹംഗറിയിലും സ്ലോവേനിയയിലും ഫ്രാൻസിലും ഏപ്രലില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ താല്കാലികമായി മരവിപ്പിക്കുകയാണ് മക്രോണിന്റെ ലക്ഷ്യമെന്നും വിലയിരുത്തലുകളുണ്ട്.

eng­lish sum­ma­ry; Ukraine cri­sis will cre­ate five mil­lion refugees

you may also like this video;

Exit mobile version