സംയുക്ത പ്രസ്താവനയില്ലാതെ ജി20 ധനകാര്യ നേതാക്കളുടെ യോഗം അവസാനിച്ചു. റഷ്യ- ഉക്രെയ്‌ൻ വിഷയത്തിലെ ഭിന്നതകളാണ് കാരണം. ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും രണ്ട് ദിവസം നീണ്ട യോഗത്തിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ടും ഔട്ട്കം ഡോക്യുമെന്റും പുറത്തിറക്കിയിട്ടുണ്ട്.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആതിഥേയരായ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.
രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജി20 പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ റഷ്യയും ചൈനയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായിരുന്നു യോഗത്തിലെ അധ്യക്ഷര്‍. ജി 20 രാജ്യങ്ങൾ ഉക്രെയ്ൻ യുദ്ധത്തിൽ തങ്ങളുടെ ദേശീയ നിലപാടുകൾ “ആവർത്തിച്ചു” എന്നാണ് സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഭൂരിഭാഗം അംഗങ്ങളും ഉക്രെയ്നിലെ യുദ്ധത്തെ ശക്തമായി അപലപിച്ചു. വളർച്ചയെ നിയന്ത്രിക്കുക, പണപ്പെരുപ്പം വർധിപ്പിക്കുക, വിതരണ ശൃംഖലയെ തടസപ്പെടുത്തുക, ഊർജവും ഭക്ഷ്യ അരക്ഷിതാവസ്ഥയും ഉയർത്തുക, സാമ്പത്തിക സ്ഥിരത അപകടസാധ്യത ഉയർത്തുക തുടങ്ങിയ പ്രതിസന്ധികള്‍ക്ക് യുദ്ധം കാരണമായതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
English Summary: Ukraine: G20 meeting ends without statement
You may also like this video