Site iconSite icon Janayugom Online

ഉക്രെയ‍്ന് ടോമാഹോക്ക് നല്‍കിയേക്കില്ല; ട്രംപിന് താല്പര്യം സമാധാന കരാറില്‍

ഉക്രെയ്ന് ടോമാഹോക്ക് ക്രൂയിസ് മിസെെലുകള്‍ നല്‍തുന്നതിനേക്കാള്‍ സമാധാന കരാറിൽ മധ്യസ്ഥത വഹിക്കാനാണ് താല്പര്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയിലെ ഒരു സംഘർഷത്തിന് യുഎസിന് അവ ആവശ്യമായി വന്നേക്കാമെന്നാണ് ട്രംപ് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്. എന്നാല്‍ ടോമാഹോക്ക് നല്‍കില്ല എന്ന് ട്രംപ് തീര്‍ത്ത് പറഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ ഹംഗറിയിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെ തണുപ്പന്‍ മനോഭാവത്തോടെയാണ് സെലന്‍സ്കിയുടെ ആവശ്യത്തോട് ട്രംപ് പ്രതികരിച്ചത്.

സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. ഉക്രെയ‍ന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുത്തുള്ള സമാധാന നീക്കത്തിന് ട്രംപ് വീണ്ടും അഭ്യര്‍ത്ഥിച്ചുവെന്നാണ് വിവരം. റഷ്യന്‍ ആക്രമണത്തില്‍ ആയിരക്കണക്കിന് ഡ്രോണുകള്‍ ഉണ്ടെങ്കിലും ടോമാഹോക്ക് ക്രൂയിസ് മിസെെലുകള്‍ ആവശ്യമാണെന്ന നിലപാടിലാണ് സെലന്‍സ്കി. ടോമാഹോക്കുകൾ വിതരണം ചെയ്യുന്നത് യുഎസ്-റഷ്യ ബന്ധത്തെ തകർക്കുമെന്ന പുടിന്റെ മുന്നറിയിപ്പാണോ ട്രംപിന്റെ നയമാറ്റത്തിനു പിന്നിലെ്ന്ന് വ്യക്തമല്ല. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഉക്രെയ്‌നിന് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടില്‍ നിരവധി തവണ മാറ്റം വന്നിട്ടുണ്ട്.
സെലന്‍സ്കിയുമായഉള്ള കൂടിക്കാഴ്ചയിൽ, ഹംഗറിയിൽ പുടിനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതികളെക്കുറിച്ചും ട്രംപ് ചർച്ച ചെയ്തു. സെലന്‍സ്കിയെ ചര്‍ച്ചയുടെ ഭാഗമാക്കേണ്ടതുണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം അവസാനിപ്പിച്ച് കരാറിലെത്താന്‍ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഇരുവിഭാഗങ്ങളോടും ആഹ്വാനം ചെയ്തു. രണ്ടുപേരും വിജയം അവകാശപ്പെടട്ടെ, യഥാര്‍ത്ഥ വിജയം ആരുടേതെന്ന് ചരിത്രം തീരുമാനിക്കട്ടേയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുഎസ് സംഘർഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടോമാഹോക്ക് മിസെെലുകള്‍ അവ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് തനിക്ക് യാഥാർത്ഥ്യബോധമുണ്ടെന്നും സെലന്‍സ്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കളുമായി ഫോണിൽ സംസാരിച്ച സെലന്‍സ്കി, യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനുമേൽ സമ്മർദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

Exit mobile version