Site iconSite icon Janayugom Online

ഉക്രെയ‍്ന്‍ സമാധാന കരാര്‍: ട്രംപ്-പുടിൻ കൂടിക്കാഴ്ച അലാസ്കയില്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച 15ന്. അലാസ്‌കയിൽ വച്ച് പുടിനെ കാണുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. ഉക്രെയ്‌ൻ‑റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച്ചയെന്നാണ് റിപ്പോര്‍ട്ട്. ഒരു ദശാബ്‌ദത്തിനിടെ പുടിന്റെ യുഎസിലേക്കുള്ള ആദ്യ യാത്രയാണിത്. റഷ്യയും ഉക്രെയ്‌നും തമ്മി­ൽ സമാധാന കരാർ ഉണ്ടാകുന്നതിന് സാധ്യതയുള്ളതായി താൻ വിശ്വസിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ, റഷ്യയില്‍ വച്ച് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. മോസ്കോ സന്ദർശന വേളയിൽ വിറ്റ്കോഫ് സെലെൻസ്‌കിയുമായി ഒരു ത്രികക്ഷി കൂടിക്കാഴ്‌ച നിർദേശിച്ചിരുന്നുവെങ്കിലും റഷ്യ പ്രതികരിച്ചിരുന്നില്ല. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ഏതൊരു സമാധാന കരാറിലും ചില പ്രവിശ്യകളുടെ കെെമാറ്റം ഉള്‍പ്പെടുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കിഴക്കന്‍ ഉക്രെയ‍്നിലെ രണ്ട് പ്രവിശ്യകള്‍ റഷ്യക്ക് വിട്ടുകൊടുത്തേക്കുമെന്നാണ് സൂചന. എ­ന്നാ­ല്‍ ഈ നിര്‍ദേശം ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി തള്ളി. ഉക്രെയ‍്ന്റെ ഭൂമി കെെമാറ്റം ചെയ്തുകൊണ്ടുള്ള ഒരു കരാറിനും തയ്യാറാകില്ലെന്നാണ് സെലന്‍സ്കിയുടെ നിലപാട്. സമാധാനം കൊണ്ടുവരാൻ കഴിയുന്ന യഥാർത്ഥ പരിഹാരങ്ങൾക്ക് തയ്യാറാണെന്നും ഉക്രെയ‍്ന്റെ പങ്കാളിത്തമില്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി.

നാല് ഉക്രെയ‍്ൻ പ്രദേശങ്ങളുടെ അവകാശമാണ് പുടിന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, സാപ്പോറീഷ്യ, ഖേര്‍സണ്‍, ക്രിമിയ എന്നീ പ്രദേശങ്ങളിലാണ് റഷ്യ അവകാശമുന്നയിക്കുന്നത്. ഈ പ്രദേശങ്ങള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കരാറിന് തയ്യാറല്ലെന്നാണ് സെലന്‍സ്കി വ്യക്തമാക്കിയത്. നാറ്റോ സൈനിക സഖ്യത്തിലെ അംഗത്വത്തിൽ നിന്ന് ഉക്രെയ്‌നെ ഒഴിവാക്കണമെന്നാണ് പുടിന്‍ മുന്നോട്ടുവച്ച മറ്റൊരു ആവശ്യം. ഈ വിഷയത്തിസ്‍ ട്രംപിന്റെ നിലപാട് എന്താണെന്ന് വ്യക്തമല്ല. പുടിൻ‑ട്രംപ് ഉച്ചകോടിക്ക് മുന്നോടിയായി നിലപാടുകള്‍ ഏകീകരിക്കാന്‍ യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ബ്രിട്ടനില്‍ ഒത്തുകൂടി. അതേസമയം, പുടിൻ‑ട്രംപ് കൂടിക്കാഴ്ച തടസപ്പെടുത്താൻ ശ്രമങ്ങളുണ്ടാകുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. പല യൂറോപ്യൻ രാജ്യങ്ങളും യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യയുടെ നിക്ഷേപ പ്രതിനിധി കിറിൽ ദിമിട്രിവ് പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നതെന്നോ എന്ത് തരത്തിലുള്ള പ്രകോപനങ്ങളാണെന്നോ ദിമിട്രിവ് വെളിപ്പെടുത്തിയില്ല. 

Exit mobile version