Site iconSite icon Janayugom Online

ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉക്രെയ്ന്‍

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാന്‍ കഴിയുന്നത് ഞങ്ങള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ ഫലമായാണെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുബേല. റഷ്യ ഉക്രെയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഞങ്ങള്‍ പ്രതിദിനം ദുരിതമനുഭവിക്കുകയാണ്. ഉക്രെയ്ന്‍ പൗരന്മാര്‍ മരിച്ചുവീഴുന്നു. കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ധാര്‍മികമായി തെറ്റാണെന്നും കുബേല പറഞ്ഞു. ‍ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നാണ് നിങ്ങള്‍ (ഇന്ത്യ) നേട്ടമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉക്രെയ്ന്‍ വിഷയം പരിഹരിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് നേരെയും വിരല്‍ ചൂണ്ടാന്‍ കഴിയില്ല. അവരും ഇതുതന്നെയാണ് ചെയ്യുന്നതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്ന് യൂറോപ്പ് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുബേല. യൂറോപ്യന്‍ യൂണിയന്‍ ഫെബ്രുവരി മുതല്‍ നവംബര്‍ വരെ ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യയില്‍ നിന്നാണ് ഫോസില്‍ ഇന്ധനം ഇറക്കുമതി ചെയ്തതെന്നായിരുന്നു ജയ്ശങ്കറിന്റെ പരാമര്‍ശം. ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇത് തീര്‍ത്തും പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനയായിരുന്നുവെന്നും റഷ്യന്‍ സൈനികനടപടി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sam­mury: Ukraine strong­ly crit­i­cizes India

 

Exit mobile version