Site iconSite icon Janayugom Online

പ്രതിസന്ധിയില്‍ ഉക്രെയ്‍ന്‍ കാര്‍ഷിക മേഖല

രാജ്യത്തെ ധാന്യ കയറ്റുമതി മേഖല അനിശ്ചിതത്വത്തിലാണെന്ന് ഉക്രെയ്‍ന്‍ കാര്‍ഷിക മന്ത്രി മെെക്കോള സോള്‍സ്‍കി. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ മാത്രമേ പ്രതിസന്ധിക്ക് അയവു വരികയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമാസം നാല് മുതല്‍ അഞ്ച് ദശലക്ഷം ടണ്‍ ധാന്യം ഉക്രെയ്‍നില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ ഈ അളവ് ഏതാനും ലക്ഷങ്ങള്‍ മാത്രമായി ചുരുങ്ങിയെന്നും സോള്‍സ്‍കി പറ‍ഞ്ഞു. ആഗോള വിപണിയില്‍ നേരിടുന്ന തിരിച്ചടി ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയിലേയും ഈജിപ്തിലേയും ഗോതമ്പ് ഇറക്കുമതിയുടെ 80 ശതമാനവും ഉക്രെ‍യ്‍ന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഇന്തോനേഷ്യന്‍ ഇറക്കുമതിയുടെ അഞ്ചിലൊന്ന് പങ്കാളിത്തവും ഉക്രെയ്‍നിന്റെയാണ്. ധാന്യങ്ങളും സസ്യ എണ്ണയും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഉക്രെയ്ൻ. ചോളവും ഗോതമ്പുമാണ് പ്രധാന കാർഷിക കയറ്റുമതി ഉല്പന്നങ്ങള്‍. ഇവ രണ്ടും യഥാക്രമം ലോക കയറ്റുമതിയുടെ 12.8, 10.5 ശതമാനമാണ്. യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ വിതരണക്കാരും ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത രാജ്യങ്ങളുടെ ഏറ്റവും വലിയ ഭക്ഷ്യ വിതരണക്കാരുമാണ് ഉക്രെയ്ൻ. റഷ്യ‑ഉക്രെയ്ൻ സംഘർഷം നീണ്ടുനില്‍ക്കുന്ന സമയം വരെയും ഉക്രെയ്‍നില്‍ മാത്രമല്ല, ലോകമെമ്പാടും ഭക്ഷ്യ വിതരണത്തില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, തുർക്കി, യെമൻ എന്നീ രാജ്യങ്ങളാണ് ഉക്രെയ്‍നില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയെ കൂടുതലും ആശ്രയിക്കുന്നത്. ഇന്തോനേഷ്യക്കും ബംഗ്ലാദേശിനും, ഗോതമ്പിന്റെ രണ്ടാമത്തെ വലിയ വിതരണക്കാരും ഉക്രെയ്‍നാണ്.
സൺഫ്ലവർ ഓയിലിന്റെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നു കൂടിയാണ് ഉക്രെയ്ൻ. ആഗോള കയറ്റുമതി മൂല്യത്തിന്റെ 40 ശതമാനം വിഹിതമാണ് സൺഫ്ലവർ ഓയിലിന്റെ കയറ്റുമതിയില്‍ ഉക്രെയ്‍നുള്ളത്. ഇന്ത്യ, ചൈന, നെതർലൻഡ്സ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സണ്‍ഫ്ലവര്‍ ഓയില്‍ കയറ്റുമതി ചെയ്യുന്നത്. ഉക്രെയ്‍ന്‍ സംഘര്‍ഷം ആഗോള ക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. 

Eng­lish Summary:Ukraine’s agri­cul­tur­al sec­tor in crisis
You may also like this video

Exit mobile version