Site iconSite icon Janayugom Online

വെറ്ററിനറി സർവകലാശാലയ്ക്ക് യുഎന്‍ അംഗീകാരം

വെറ്ററിനറി സർവകലാശാലയുൾപ്പെട്ട അന്താരാഷ്ട്ര ഗ്ലോബൽ ഫാം പ്ലാറ്റ്ഫോമിന് ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയിൽ നിന്നും സാങ്കേതിക അംഗീകാരം.
ആറ് ഭൂഖണ്ഡങ്ങളിൽ നിന്നായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയുടെ തിരുവാഴാംകുന്ന് ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷനുൾപ്പെടെ 19 ഗവേഷണഫാമുകളും 28 സ്ഥാപനങ്ങളുമടങ്ങുന്ന സഹകരണ ശൃംഖലയാണ് ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം. ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിരവികസനത്തിനും കാർഷിക ഭക്ഷ്യോല്പാദനത്തിലേയ്ക്കുള്ള മാറ്റത്തിനുമെല്ലാം സഹായകരമായ തരത്തിലാണ് പ്ലാറ്റ് ഫോം ശാസ്ത്രത്തെയും ഗവേഷണത്തെയും സംയോജിപ്പിച്ച് കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്.
2012ൽ ആശയപരമായി തിരുവാഴാംകുന്ന് ഫാമിലും ഔദ്യോഗികമായി 2014ലും രൂപംകൊണ്ട ഈ പ്ലാറ്റ്ഫോം 21ാം നൂറ്റാണ്ടിൽ കാർഷികലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാവർധനവ്, ജൈവ വൈവിധ്യശോഷണം, വിഭവശേഷിക്കുറവ് എന്നിവയെ ഫലപ്രദമായി നേരിടാനായാണ് നിലവിൽ വന്നത്. ഈ ശൃംഖലയിലുൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക ഫാം ആണ് തിരുവാഴാംകുന്ന് റിസർച്ച് സ്റ്റേഷനിലെ സൈലന്റ് വാലി ഫാം പ്ലാറ്റ്ഫോം. ചൂട് പ്രതിരോധിയ്ക്കാൻ കഴിവുള്ള ഇനങ്ങളായ വെച്ചൂർ പശുക്കൾ, മലബാറിഅട്ടപ്പാടി ആടുകൾ എന്നിവയെ ഇവിടെ സംരക്ഷിച്ചുവരുന്നു. ചൂടുകുറയ്ക്കുന്നതിനായി ആശ്വാസ എന്ന സ്പ്രെയർ ഫാൻ രീതിയിലൂടെ മൃഗങ്ങളുടെ ക്ഷേമമുറപ്പാക്കുകയും പാലുല്പാദനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഫാമുകളിൽ കർഷകർ ഈ രീതി പിന്തുടരുന്നുണ്ട്. 

Exit mobile version