Site iconSite icon Janayugom Online

അഫ്ഗാന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് നാണക്കേടെന്ന് യുഎന്‍

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷമായി തുടരുന്ന വിദ്യാഭ്യാസ വിലക്കിനെതിരെ യുഎന്‍. ദുരന്തവും നാണംക്കെട്ടതും ഒഴിവാക്കാന്‍ ആ­കുമായിരുന്നതുമായ ഒരു വാര്‍ഷികമാണിതെന്ന് അഫ്ഗാനിലെ യുഎന്‍ മിഷന്‍ തലവന്‍ മാര്‍കസ് പോട്സല്‍ പറ‌ഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ‘ഇരുണ്ട ഒരു വര്‍ഷം: മുസ്‌ലിം രാജ്യങ്ങളുടേയും മ­റ്റ് രാജ്യങ്ങളുടേയും തലവന്മാര്‍ക്ക് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ എഴുതുന്നത്’ എന്ന പേരില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാഭ്യാസവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താലിബാന്‍ നടപടിക്കെതിരെ അമ്പത് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ചേര്‍ന്ന് തുറന്ന കത്തെഴുതിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. വിദ്യാഭ്യാസത്തിന് അനുമതിയില്ല, ജോലിക്ക് പോകാന്‍ കഴിയുന്നില്ല, അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ കഴിയുന്നില്ല. അഭിപ്രായപ്രകടനത്തിനോ തീരുമാനങ്ങളെടുക്കാനോ കഴിയുന്നില്ല, 18കാരിയായ ആസാദി കത്തില്‍ പറയുന്നു. സുരക്ഷാ കാരണങ്ങളാല്‍ പെണ്‍കുട്ടികളുടെ ആദ്യപേരുകള്‍ മാത്രമാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മൗലികാവകാശങ്ങളും നിഷേധിക്കുന്നത് ലോകത്ത് വിവേചനം അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്ന് യുഎന്‍ നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ വിവേചനം നടത്തുന്ന സമാനമായ മറ്റൊരു രാജ്യം ലോകത്തില്ല. സ്ത്രീകള്‍ക്കെതിരായ ആ­ക്രമണം, ചൂഷണം തുടങ്ങിയവയെല്ലാം നിയന്ത്രണങ്ങളെ തുടര്‍ന്ന് വര്‍ധിച്ചതായി മാര്‍കസ് പോട്സല്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ നി­യന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ അവരെ അനുവദിക്കണമെ­ന്നും യുഎന്‍ അഫ്ഗാനോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: UN calls ban on girls’ edu­ca­tion a shame
You may also like this video

Exit mobile version