Site iconSite icon Janayugom Online

ജി എന്‍ സായിബാബയുടെ തടവുതുടരുന്നത് നാണക്കേടെന്ന് യുഎന്‍

ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ ജി സായിബാബ ജയില്‍ തുടരുന്നത് തീര്‍ത്തും മനുഷ്യത്വ രഹിതവും വിവേകമല്ലാത്തതുമായ നടപടിയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പ്രത്യേക പ്രതിനിധി മേരി ലോയര്‍.
ദളിത്, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിലും പുരോഗതിക്കുമായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നയാളാണ് സായിബാബയെന്ന് ലോയര്‍ പറഞ്ഞു. ഇനിയും അദ്ദേഹത്തെ തുറങ്കിലടയ്ക്കുന്നത് നാണക്കേടാണ്. വിമര്‍ശകരെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണിതെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.

90 ശതമാനം ഭിന്നശേഷിയുള്ള വീല്‍ചെയറില്‍ കഴിയുന്ന വ്യക്തിയാണ് സായിബാബ. പര്യാപ്തമായ ചികിത്സാ സൗകര്യം ജയിലിനുള്ളില്‍ അദ്ദേഹത്തിന് നല്‍കാത്തതിന് നിരവധിതവണ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തോടൊപ്പം ജയിലിടടയ്ക്കപ്പെട്ട പാണ്ടു പൊറ നരോട്ടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പനി ബാധിച്ച് മരിച്ചിരുന്നു. യഥാസമയം ചികിത്സ ലഭിക്കാതിരുന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സായിബാബയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും അഭിഭാഷകന്‍ കോടതിയില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
നേരത്തെയും പല അന്താരാഷ്ട്ര സംഘടനകളും സായിബാബയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Exit mobile version