യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് സമാപനം. അതേസമയം ഫോസില്‍ ഇന്ധനങ്ങളെല്ലാം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഒഴിവാക്കി കോപ് 27 കാലാവസ്ഥാ കരാറിന്റെ കരട് പ്രമേയം ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ചു. കല്‍ക്കരി ഉള്‍പ്പെടെ എല്ലാ ഫോസിൽ ഇന്ധനങ്ങളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നത് സംബന്ധിച്ചായിരുന്നു ഇന്ത്യയുടെ നിര്‍ദ്ദേശം. ഇതിനെ യൂറോപ്യൻ യൂണിയനുള്‍പ്പെടെ പിന്തുണച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം 20 പേജുകളുള്ള പ്രമേയത്തില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 58 രാജ്യങ്ങള്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു.
ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി, അനിയന്ത്രിതമായ കൽക്കരി ഊര്‍ജം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും ഫോസിൽ ഇന്ധന സബ്‌സിഡികൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കണമെന്നും കരട് പ്രമേയത്തില്‍ പറയുന്നു. ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടിയുടെ പ്രമേയവും ഇതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് മുന്നോട്ട് വച്ചിരുന്നത്. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അതേസമയം കാലാവസ്ഥാ സംരക്ഷണത്തിലേക്ക് ലോകത്തിന് വലിയ പ്രതീക്ഷയൊന്നും നല്‍കാതെയാണ് ഉച്ചകോടി സമാപിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച രൂപരേഖ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാശനഷ്ടം പരിഹരിക്കുന്നതിനായി സമ്പന്നരാജ്യങ്ങള്‍ നല്‍കേണ്ട പ്രത്യേക ഫണ്ട് ലഭ്യമാക്കണമെന്ന് സമ്മേളനത്തില്‍ ദരിദ്ര, വികസ്വര രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
English Summary:UN Climate Summit concludes today; India’s suggestions were omitted in the draft resolution
You may also like this video